കോട്ടയത്ത് എത്ര മത്തായിമാരുണ്ട് ? താനാളൂരില്‍ എത്ര സൈതലവിമാരും ?

സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വെള്ളിയത്ത് സൈതലവി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ കുപ്പായമിട്ടത്.

Update: 2020-12-02 06:39 GMT

മലപ്പുറം: കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന ചോദ്യം പണ്ടേയുള്ളതാണ്. മത്തായി തോമസ്, മത്തായി ജോര്‍ജ്ജ്, മത്തായി ജോണ്‍ തുടങ്ങി വെറും മത്തായിമാര്‍ തന്നെ ആയിരക്കണിക്കിനുണ്ടാകും കോട്ടയത്ത്. മലപ്പുറം ജില്ലയിലെ താനാളൂരിലെ ഒരു വാര്‍ഡില്‍ വോട്ട് ചെയ്യുന്നവര്‍ കോട്ടയത്തെ മത്തായിമാരെ തിരയുന്ന അതേ ഗതികേടിയാണ് എത്തുക. ഇവിടെ ഒരേ പേരുള്ള അഞ്ച് സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.


താനാളൂര്‍ ഗ്രാമപഞ്ചായത്തിലെ 17ാം വാര്‍ഡില്‍ അഞ്ച് സൈതലവിമാരാണ് മത്സരിക്കാനുള്ളത്. ഏഴുപേര്‍ മത്സരിക്കുന്ന ഇവിടുത്തെ സ്ഥാനാര്‍ഥികളില്‍ 5 പേരുടെയും പേര് സൈതലവി എന്നാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയെ ലക്ഷ്യമിട്ടാണ് അപരന്മാര്‍ കൂട്ടത്തോടെയിറങ്ങിയത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വെള്ളിയത്ത് സൈതലവിക്കാണ് മറ്റു സൈതലവിമാര്‍ പാരയുമായി ഇറങ്ങിയിട്ടുള്ളത്. സ്വതന്ത്രരായ കണ്ണച്ചമ്പാട്ട് സൈതലവി, തറയില്‍ സൈതലവി, പേവുങ്കാട്ടില്‍ സൈതലവി, കൊടക്കാട്ട് സൈതലവി എന്നിവരാണ് മത്സര രംഗത്തുള്ള സൈതലവിമാര്‍. ഇതില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് സൈതലവിമാരും സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇതു കൊണ്ടു തന്നെ താനാളൂരിലെ 'സൈതലവി പോരാട്ടത്തില്‍' അടിപതാറാതിരിക്കാന്‍ കടുത്ത പരിശ്രമത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍.


യുഡിഎഫ് സ്ഥാനാര്‍ഥി സൈതലവിക്കെതിരേ മറ്റു സൈതലവിമാര്‍ യുദ്ധത്തിനിറങ്ങിയതിന് കാരണവുമുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വെള്ളിയത്ത് സൈതലവി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ കുപ്പായമിട്ടത്. ഇതോടെ പാര്‍ട്ടിയെ വഞ്ചിച്ച സൈലവിക്കെതിരേ മറ്റു സൈതലവിമാര്‍ അങ്കത്തിനിറങ്ങുകയായിരുന്നു. ഇവിടെ സൈതലവിയല്ലാത്ത ഒരു സ്ഥാനാര്‍ഥി സിപിഎം ഏരിയ സെക്രട്ടറി വെള്ളിയത്ത് അബ്ദുറസാഖാണ്. അബ്ദുറസാഖ് സ്വന്തം പേരും ചിഹ്നവും പറഞ്ഞ് വോട്ടു ചോദിക്കുമ്പോള്‍, പേര് നോക്കണ്ട ചിഹ്നം നോക്കി കുത്തിയാല്‍ മതി എന്നാണ് യുഡിഎഫ് സൈതലവി പറയുന്നത്.




Tags:    

Similar News