'താങ്കള്‍ ഇത് എങ്ങനെ അനുവദിച്ചു?'; അനുപമയുടെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ കേരള മുഖ്യമന്ത്രിക്ക് ഉര്‍വശീ ബുട്ടാലിയയുടെ തുറന്ന കത്ത്

Update: 2021-11-20 05:28 GMT

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ കുടുംബവും സര്‍ക്കാര്‍ സംവധാനവും ചേര്‍ന്ന് തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് ഇടത് എഴുത്തുകാരി ഉര്‍വശീ ബുട്ടാലിയ. പല രംഗത്തും രാജ്യത്തിന് മാതൃകയായ കേരളത്തില്‍ പിതാവിന് സ്വീകാര്യമല്ലാത്തതിനാല്‍ മാത്രം പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ കുഞ്ഞിനെ സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി തട്ടിയെടുത്തതിലും അതിനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിലും പ്രതിഷേധിച്ചാണ് കത്തെഴുതിയത്. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ പുസ്തക പ്രസാധകരില്‍ ഒരാളും ഇന്ത്യാ-പാക്കിസ്ഥാന്‍ വിഭജനക്കാലത്തെപ്പറ്റിയുള്ള ഏറ്റവും വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ സമ്മാനിച്ച എഴുത്തുകാരിയും ഇടത് പക്ഷശബ്ദവുമാണ് ഉര്‍വശീ ബുട്ടാലിയ.

കത്തിന്റെ പൂര്‍ണരൂപം: 

ശ്രീ പിണറായി വിജയന്

ഈ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നമ്മള്‍ കണ്ട ഭയാനകമായ സമയത്തിലുടനീളം, ഭരണത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മളില്‍ പലരെയും സഹായിച്ചത് കേരളത്തില്‍ നിന്നുള്ള വാര്‍ത്തകളാണ്. ഒരു ഭരണകൂടം എങ്ങിനെ നീതിപൂര്‍വമായും, തുറന്ന ചിന്താഗതിയോടുകൂടിയും, ജനപങ്കാളിത്തത്തില്‍ ഊന്നല്‍ നല്‍കിയും പിന്നെ രാഷ്ട്രീയം കളിക്കാതെ ജനങ്ങളോട് കരുതല്‍ കാണിച്ചുകൊണ്ടും എങ്ങനെ പ്രവര്‍ത്തിക്കാം എന്നുള്ളത് കേരളത്തിനുള്ളിലുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും കേരളത്തിന്റെ അനുഭവത്തില്‍നിന്നും ഏറെ പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. 

കേരള സര്‍ക്കാര്‍ കൊവിഡ് 19 പ്രതിസന്ധിയെ നേരിട്ട രീതിയില്‍ അഭിനന്ദനങ്ങളും പ്രശംസയും അര്‍ഹിക്കുന്നതുപോലെതന്നെ പ്രധാനവും ഏറെ വിലപേട്ടതുമാണ് നിങ്ങള്‍ നടത്തുന്ന സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും മറ്റു ലൈംഗിക ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കുവേണ്ടി നിക്ഷേപങ്ങളും.

ഈ എല്ലാ കാരണങ്ങള്‍കൊണ്ട് തന്നെയാണ് ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്ന നാടകം അതായത് നിങ്ങളുടെതന്നെ നാട്ടിലെ ഒരു യുവതിയായ പൗരി അനുപമ ചന്ദ്രന്‍ തിരഞ്ഞെടുത്ത പങ്കാളിയെ (ഒരു ദളിത് പുരുഷന്‍) അവരുടെ കുടുംബത്തിന് അംഗീകരിക്കാന്‍ കഴിയില്ല എന്ന ഏക കാരണത്താല്‍ അനുപമയുടെ പിഞ്ചു കുഞ്ഞിനെ അവരുടെ കയ്യില്‍നിന്നും ബലമായി അവരുടെ സ്വന്തം പിതാവ് തന്നെ ബലമായി തട്ടിക്കൊണ്ടു പോയിഎന്നുള്ളത് വലിയ ഞെട്ടല്‍ ഉണ്ടാകുന്നത്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെമേല്‍ പിതാവ് തന്റെ ഇഷ്ടം അടിച്ചേല്‍പ്പിച്ച മറ്റൊരു സമാനമായ അപലപനീയമായ ഹാദിയയുടെ കേസിനെ ഈ സംഭവം ഓര്‍മപ്പെടുത്തുന്നു. ആ കേസിലുണ്ടായതുപോലെ തന്നെ ഇന്നും ഭരണകൂടം കുടുംബത്തിന്റെകൂടെ ഒത്തുകളിച്ചും, ഈ യുവതി ഭരണഘടന ഉറപ്പുനല്‍കുന്ന പൗരത്വ അവകാശങ്ങള്‍ ഒന്നും തന്നെ അര്‍ഹിക്കുന്നില്ല എന്ന ഭാവത്തില്‍, അവരുടെ അവകാശങ്ങളെ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. അത്രതന്നെ വേദനാജനകമാണ് അനുപമയുടെ പിതാവിന് അംഗത്വമുള്ള താങ്കളുടെ പാര്‍ട്ടിയില്‍ നിന്നും പിന്തുണ ലഭിക്കുന്നുവെന്ന്. കുഞ്ഞിനെ അമ്മക്കയു തിരിച്ചു നല്‍കാന്‍വേണ്ടിയുള്ള യാതൊരു നടപടിയും നിങ്ങള്‍ എടുക്കാത്തതിനാല്‍ത്തന്നെ ഈ വ്യക്തിക്ക് താങ്കളുടെ പിന്തുണയുണ്ടെന്നുള്ള ധൗര്ഭാഗ്യകരമായ നിഗമനത്തില്‍ എത്തുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്.

ഇതെല്ലാം സംഭവിക്കാന്‍ നിങ്ങള്ക്ക് എങ്ങിനെ അനുവദിക്കാനാകുന്നു, ബഹു. മുഖ്യമന്ത്രി? സ്ത്രീകള്‍ ഈ സംസ്ഥാനത്തിന്റെയും ഇന്ത്യയുടേയും പൂര്‍ണ പൗരത്വം അര്‍ഹിക്കുന്നവരാണെന്നു താങ്കള്‍ വിശ്വസിക്കുന്നില്ല? നിങ്ങളുടെ സംസ്ഥാനത്തു ഒരു സ്ത്രീക്ക് സ്വന്തം ശരീരത്തിനുമേലുള്ളതും, അവള്‍ക്കു ജനിച്ച കുഞ്ഞിന്റെമേലുമുള്ള സ്വതന്ത്ര തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമില്ലേ?

പൊതുമണ്ഡലത്തില്‍ ഇടതു രാഷ്ട്രീയത്തിന്റെ സുദീര്‍ഘമായ പാരമ്പര്യത്തിന്റെ തത്വങ്ങളെ നിലനിര്‍ത്തുവാന്‍ കഴിയുമ്പോള്‍ത്തന്നെ എങ്ങിനെയാണ് താങ്കള്‍ക്കും താങ്കളുടെ സഹപ്രവര്‍ത്തകര്‍ക്കും സ്ത്രീകളുടെയും കുടുംബത്തിന്റെയും വിഷയങ്ങള്‍ വരുമ്പോള്‍ ഇത്രയും സ്ത്രീവിരുദ്ധവും പുരുഷമേധാവിത്വപരവുമായ നിലപാടുകള്‍ സ്വീകരിക്കാനാവുന്നത്?

ശ്രീ മുഖ്യമന്ത്രി, ഞങ്ങളെപ്പോലെ എഴുത്തിന്റെയും പ്രസിദ്ധീകരണമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കേരളം മറ്റു രീതികളിലാണ് മാതൃകയായിട്ടുള്ളത്. സാക്ഷരതാ, വിദ്യാഭ്യാസം, എഴുത്തു, പ്രസിദ്ധീകരണം എന്നീ വഴികളിലൂടെയാണ് കേരളത്തിലെ എല്ലാഭാഗങ്ങളിലേക്കും അറിവ് സഞ്ചരിച്ചിട്ടുള്ളത്, ഇതേ ഉപകാരണങ്ങളിലൂടെയാണ് അനുപമയും ഹാദിയയും പോലെയുള്ള യുവതികള്‍ക്കു ഇന്ന് തങ്ങളുടെ അവകാശങ്ങളെകുറിച്ച അറിവ് നേടാന്‍ സാധിക്കുന്നതും.

ചരിത്രപരമായിത്തന്നെ കേരളത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയ സ്ത്രീകളുടെ ഒരു വലിയ നിര എഴുത്തുകാരികള്‍ (കെ. സരസ്വതി അമ്മ ), വിശ്വാസപ്രഭാഷകര്‍ (പ്രത്യക്ഷ രക്ഷ ദൈവ സഭ ), തൊഴിലാളി സംഘടനാ നേതാക്കള്‍ (കശുവണ്ടി തൊഴിലാളി ഗോമതി), പരിശീലനം നേടിയ വിദഗ്ധ നഴ്‌സുമാര്‍ (രുഗ്മണി അമ്മ, ചന്ദ്രമതി ), രാഷ്ട്രീയ പ്രവര്‍ത്തകര്‍ (മേരി പുന്നന്‍ ലൂക്കോസ്, തോട്ടയ്ക്കാട്ടു മാധവി അമ്മ , അന്ന ചാണ്ടി) ഇവരെല്ലാവരുംതന്നെ സ്ത്രീകളുടെ മുന്നേറ്റത്തിനുവേണ്ടി വലിയ സംഭാവനകള്‍ നല്‍കിയിട്ടുമുണ്ട്.

അനുപമ ചന്ദ്രന്റെ അവകാശങ്ങളെ നിഷേധിക്കുന്നതിലൂടെയും, അവരുടെ സ്വകാര്യതയ്ക്കുമേല്‍ കയ്യേറ്റം നടത്തുവാനുള്ള അധികാരം അവരുടെ കുടുംബത്തിനും ഭരണകൂട സ്ഥാപനങ്ങള്‍ക്കും കൈമാറുന്നതിലൂടെയും, നിങ്ങള്‍ അവര്‍ക്ക് ഭരണഘടന ഉറപ്പാക്കുന്ന മൗലീക അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നു മാത്രമല്ല മേല്പറഞ്ഞ കേരളത്തിലെ സ്ത്രീകളുടെ സമൂഹത്തിനു വേണ്ടി നല്‍കിയിട്ടുള്ള സംഭാവനകളുടെ നീണ്ട ചരിത്രത്തത്തെ തന്നെ നിങ്ങള്‍ മായ്ചുകളയുകയാണ്.

ഉര്‍വശി ബുട്ടാലിയ 
പ്രസാധക, എഴുത്തുകാരി

(കടപ്പാട്: ജെ ദേവികയുടെ ഫേസ്ബുക്ക് വാളില്‍ പ്രസിദ്ധീകരിച്ചത്) 

Tags: