സംസ്ഥാനത്തെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട്

Update: 2021-08-28 13:51 GMT

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന അയ്യന്‍കാളി ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതി നല്ല രീതിയില്‍ മുന്നോട്ടു പോവുകയാണ്. 

സര്‍ക്കാര്‍ ജോലിയില്‍ പട്ടികജാതി വിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സമയബന്ധിതമായ നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസവും എല്ലാവര്‍ക്കും ഉറപ്പാക്കും. ആദിവാസി ഊരുകളില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടി പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ചിലയിടങ്ങളില്‍ കണക്റ്റിവിറ്റി പ്രശ്‌നങ്ങളുണ്ട്. എല്ലായിടത്തും കണക്റ്റിവിറ്റി ലഭ്യമാക്കുമെന്ന് സര്‍വീസ് പ്രൊവൈഡര്‍മാര്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ നീങ്ങുന്നു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും മികവുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി തുടര്‍ പ്‌ളേസ്‌മെന്റ് പദ്ധതി പ്രകാരം 20,000 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും. പട്ടികജാതി പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ പുനരുജ്ജീവിപ്പിച്ച് കുടിശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് നടപടിയുണ്ടാകും.

ആദിവാസി വിഭാഗങ്ങളിലെ കൗമാരക്കാര്‍, ഗര്‍ഭിണികള്‍, അറുപത് വയസ് കഴിഞ്ഞവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പോഷകാഹാരം ലഭിക്കുന്നതിനുള്ള ഭക്ഷ്യപദ്ധതി നടപ്പാക്കും. തിരുവനന്തപുരം പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരമെഡിക്കല്‍ സയന്‍സില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുകയും കൂടുതല്‍ സീറ്റുകള്‍ ഉറപ്പാക്കുകയും ചെയ്യും. പട്ടികജാതി സംരംഭകര്‍ക്കായി ഗ്രീന്‍ സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ ആരംഭിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ യുവ ഗവേഷകര്‍ക്ക് പ്രത്യേക ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags: