പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരില്‍ വീട്ടമ്മയെ 10 ലക്ഷം രൂപയുടെ ഹെറോയിനുമായി പിടിയില്‍. മാറമ്പിള്ളി ബംഗാള്‍ കോളനിയില്‍ താമസിക്കുന്ന സലീന അലിയാര്‍ (52)നെയാണ് വീട്ടില്‍ നിന്നും പിടികൂടിയത്. വില്‍പ്പനയ്ക്ക് തയ്യാറാക്കിയ നിലയില്‍ 66.3 ഗ്രാം ഹെറോയിന്‍, 9 ലക്ഷത്തിലേറെ രൂപ, നോട്ടെണ്ണുന്ന മെഷീന്‍ എന്നിവയും പിടിച്ചെടുത്തു. പലചരക്ക് കടയുടെ മറവിലാണ് ഇവര്‍ ലഹരി കച്ചവടം നടത്തിയിരുന്നത്.
അതിഥി തൊഴിലാളികളെ ഉപയോഗിച്ച് അസമില്‍ നിന്നും ബോക്‌സ് കണക്കിന് ഹെറോയിന്‍ പെരുമ്പാവൂരുള്ള തന്റെ വീട്ടിലെത്തിച്ച് ചെറു ഡപ്പകളിലാക്കി അതിഥി തൊഴിലാളികളെ കൊണ്ട് തന്നെ വില്‍പ്പന നടത്തിച്ച് വരികയായിരുന്നു. പ്രദേശത്തെ ഒരു പോലിസുകാരന്റെ സഹായം ലഭിച്ചിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, പെരുമ്പാവൂര്‍ റേഞ്ച്, മാമല റേഞ്ച് ഓഫീസുകള്‍, എന്‍സിബി എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതി പിടിയിലായത്. അതിഥി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തെ കുട്ടികളെയടക്കം കേന്ദ്രീകരിച്ചാണ് സലീന ലഹരി കച്ചവടം നടത്തിയിരുന്നതെന്നും എക്‌സൈസ് പറഞ്ഞു.