ചിറയിന്‍കീഴിലെ ദുരഭിമാന മര്‍ദ്ദനം: ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല
ദുരഭിമാന മര്‍ദ്ദനത്തില്‍ പ്രതിയെ സഹായിക്കുന്ന നിലപാടാണ് പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ദീപ്തിയുടെ പരാതി. ദലിതനായതിനാലാണ് മര്‍ദ്ദിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
ആറ്റിങ്ങല്‍: ചിറയിന്‍കീഴിലെ ദുരഭിമാന മര്‍ദ്ദനക്കേസില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല. പോലിസ് മര്‍ദ്ദനമേറ്റ മിഥുന്‍, ഭാര്യ ദീപ്തി എന്നിവരുടെ മൊഴിയെടുത്തു. തമിഴ്‌നാട്ടിലേക്ക് കടന്ന ദീപ്തിയുടെ സഹോദരന്‍ ഡോ. ഡാനിഷിനായുള്ള അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തില്‍ പോലിസിന് ഗുരുതര വീഴ്ചയുണ്ടായതായി ദീപ്തി ജോര്‍ജ്ജ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ദുരഭിമാന മര്‍ദ്ദനത്തില്‍ പ്രതിയെ സഹായിക്കുന്ന നിലപാടാണ് പോലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു ദീപ്തിയുടെ പരാതി. മര്‍ദ്ദനമുണ്ടായ ദിവസം പ്രതി ഡോ. ഡാനിഷിന്റെ വീട്ടിലെത്തിയ പോലിസ് ഇയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ തയ്യാറായില്ല. പരാതി കിട്ടാത്തുകൊണ്ടാണ് നടപടയിലേക്ക് പോകാത്തതെന്നായിരുന്നു പോലിന്റെ വിചിത്ര വാദം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് ഡാനിഷ് തമിഴ്‌നാട്ടിലേക്ക് മുങ്ങിയത്.
സാമൂഹിക മാധ്യമങ്ങളിലടക്കം ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടും പോലിസ് നടപടിയെടുത്തില്ല.
കഴിഞ്ഞ മാസം 31നാണ് ഡാനിഷ് സഹോദരി ദീപ്തിയെയും ഭര്‍ത്താവ് മിഥുനെയും തന്ത്രപരമായി ചിറയിന്‍കീഴിലേക്ക്് വിളിച്ചുവരുത്തിയത്. പള്ളിയില്‍ നിന്ന് ദീപ്തിയെ അമ്മയ്ക്ക് കാണണമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. അക്രമ വിവരമറിഞ്ഞ് ചിറയിന്‍കീഴ് ബീച്ച് റോഡിലേക്ക് പോലിസ് എത്തി. സമീപവാസികളോട് വിവരം ചോദിച്ച ശേഷം ഡാനിഷിന്റെ വീട്ടിലെത്തി കാര്യം തിരക്കി മടങ്ങി. സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെ പോലിസ് കാണിച്ച ഈ ഉദാസീനതയാണ് ഡാനിഷിന് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്.
എന്തുകൊണ്ടാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാത്ത് എന്ന ചോദ്യത്തിന് പരാതി ഉണ്ടായിരുന്നില്ലെന്നാണ് ചിറയിന്‍കീഴ് എസ്എച്ച്ഒ പറഞ്ഞത്. മിഥുനെ ആശുപത്രിയിലാക്കി പിറ്റേദിവസമാണ് ദീപ്തിയും കുടുംബവും ഡാനിഷിനെതിരെ പരാതി രേഖാമൂലം പോലിസിന് നല്‍കുന്നത്. അതായത് നവംബര്‍ 1ന്. അപ്പോഴും ഡാനിഷ് തിരുവനന്തപുരത്തുണ്ടായിരുന്നു.
ദലിതനായതിനാലാണ് മിഥുനെ മര്‍ദ്ദിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്ന കടയ്്ക്കാവൂര്‍ ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്ണനും ചിറയിന്‍കീഴ് സ്വദേശി ദീപ്തി ജോര്‍ജ്ജും തമ്മില്‍ വിതുര ബോണക്കാട്ട് വെച്ചായിരുന്നു വിവാഹം. ദീപ്തി ലാറ്റിന്‍ കാത്തലിക് വിഭാഗവും മിഥുന്‍ തണ്ടാര്‍ വിഭാഗത്തില്‍പെട്ടയാളുമാണ്.

