യുപിയിലെ രണ്ട് നഗരങ്ങളില്‍ പ്രവാചകനിന്ദക്കെതിരേ പ്രതിഷേധിച്ചവരുടെ വീടുകള്‍ തകര്‍ത്തു

Update: 2022-06-11 14:34 GMT

സഹറാന്‍പൂര്‍: യുപിയിലെ രണ്ട് നഗരങ്ങളില്‍ പ്രവാചകനിന്ദക്കെതിരേ പ്രതിഷേധിച്ചവരുടെ വീടുകള്‍ പോലിസ് തകര്‍ത്തു. സഹരന്‍പൂരിലും കാന്‍പൂരിലുമാണ് പോലിസും ഉദ്യോഗസ്ഥരും സന്നാഹങ്ങളോടെയെത്തി വീടുകള്‍ തകര്‍ത്തത്. നിയമവിരുദ്ധ നിര്‍മാണമാരോപിച്ചാണ് നടപടി. തകര്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടതും പോലിസാണ്.

ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കുന്നതിന് സാക്ഷിയായി മുതിര്‍ന്ന ഉദ്യോഗസ്ഥരും പോലിസുകാരും എത്തിയിരുന്നു.

സഹരന്‍പൂരില്‍ രണ്ട് പ്രതിഷേധക്കാരുടെ വീടുകളാണ് തകര്‍ത്തത്. സമുദായസ്പര്‍ധയുണ്ടാക്കിയെന്നാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. ഇവിടെ മാത്രം 64 പേരെ അറസ്റ്റ് ചെയ്തു.

മുസമ്മില്‍, അബ്ദുള്‍ വഖിര്‍ തുടങ്ങിയ രണ്ട് പേരുടെ വീടുകളിലാണ് പോലിസും മുനിസിപ്പല്‍ അധികൃതരും അക്രമംനടത്തിയത്. വീടുകള്‍ നിയമവിരുദ്ധമയി നിര്‍മിച്ചവയാണെന്നാണ് പോലിസിന്റെ വാദം.

കാന്‍പൂരില്‍ ജൂണ്‍ 3ന് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രാദേശിക നേതാവ് സഫര്‍ ഹയാത്ത് ഹഷ്മിയുടെ വീടും തകര്‍ത്തു. അദ്ദേഹം ഭൂമാഫിയയുടെ ആളാണെന്നാണ് ആരോപണം.

കാന്‍പൂര്‍ വികസന അതോറിറ്റിക്കാണ് വീടുകള്‍ പൊളിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്.

സംഘര്‍ഷം നടന്ന പ്രദേശത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് തകര്‍ത്തവീടുള്ളത്.

സംസ്ഥാനത്താകെ 230 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഏഴ് ജില്ലകളിലായി 11 കേസുകളാണ് ചുമത്തിയത്. എല്ലാവര്‍ക്കുമെതിരേ വിലയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.