ഭിന്നശേഷിക്കാര്‍ക്കു 'മെറി ഹോം' പദ്ധതിപ്രകാരം ഭവനവായ്പ

Update: 2022-05-19 08:49 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള 'മെറി ഹോം' ഭാവന വായ്പാ പദ്ധതിയുടെ പ്രഖ്യാപനം സാമൂഹികനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിച്ചു. ഭിന്നശേഷിക്കാര്‍ക്ക് വിദ്യാഭ്യാസം, സ്വയംതൊഴില്‍, വാഹനം തുടങ്ങിയവയ്ക്കു നിലവില്‍ നല്‍കിവരുന്ന വായ്പാ പദ്ധതികള്‍ക്കൊപ്പം ഭാവന വായ്പ കൂടി ഉള്‍പ്പെടുത്തിയത് കൂടുതല്‍ ഗുണകരമാകും. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി സ്വയംപര്യാപ്തരാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു.

സാമൂഹികനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ വഴി, വിവിധ ഭിന്നശേഷി അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങളും മന്ത്രി വിതരണം ചെയ്തു. ദേശീയ വികലാംഗ ധനാകാര്യ വികസന കോര്‍പ്പറേഷന്‍ വഴിയാണു ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കു ഭവന വായ്പാ ലഭ്യമാക്കുന്നത്. നാമമാത്രമായ പലിശ മാത്രമേ വായ്പയ്ക്ക് ഈടാക്കൂ. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണു വായ്പ നല്‍കുന്നത്. 

Tags:    

Similar News