വീടുകളിലെത്തി വാക്‌സിന്‍ നല്‍കല്‍: കേരളത്തിനും ജമ്മു കശ്മീരിനുമാകാമെങ്കില്‍ എന്തുകൊണ്ട് മറ്റുള്ളവര്‍ക്ക് പാടില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് മുംബൈ ഹൈക്കോടതി
മുംബൈ: പ്രായമായവര്‍ക്കും അസുഖബാധിതര്‍ക്കും വീടുകളിലെത്തി വാക്‌സിന്‍ നല്‍കാന്‍ കേരളത്തിനും ജമ്മു കശ്മീരിനും കഴിയുമെങ്കില്‍ എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങള്‍ക്ക് അതിനുള്ള അനുമതി നല്‍കിക്കൂടെന്ന് ബോംബെ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു. കൊവിഡ് വാക്‌സിന്‍ വീടുകളിലെത്തിച്ച് നല്‍കുന്ന പദ്ധതിയെക്കുറിച്ച് പെട്ടെന്നുതന്നെ ആലോചിച്ച് തീരുമാനിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും അധ്യക്ഷനും ജസ്റ്റിസ് ജി എസ് കുല്‍ക്കര്‍ണി അംഗവുമായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
മുതിര്‍ന്ന രാഷ്ട്രീയക്കാരനും മുംബൈ സ്വദേശിയമായ അനില്‍ സാഖറേക്ക് വീട്ടിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കിയത് ആരാണെന്ന് കോടതി ചോദിച്ചു. മുനിസിപ്പല്‍ കോര്‍പറേഷനല്ല വാക്‌സിന്‍ നല്‍കിയതെന്ന് ബ്രിഹാന്‍ മുംബൈ മുനിസിപ്പാലിറ്റിയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മറുപടി നല്‍കാന്‍ അഭിഭാഷകന്‍ ഒരാഴ്ച സമയം അപേക്ഷിച്ചു. ഇത്രയും നിസ്സാരമായ കാര്യത്തിന് എന്തിനാണ് ഒരാഴ്ചയെന്ന് കോടതി ചോദിച്ചു. നിങ്ങള്‍ ആളെ കാണിച്ചുതരൂ, ഞങ്ങള്‍ നിയമം പറഞ്ഞുതരാമെന്ന പോലെയാണ് കാര്യങ്ങളെന്ന് കോടതി വിമര്‍ശിച്ചു.
75 വയസ്സിനു മുകളിലുള്ളവര്‍ക്കും മറ്റ് രോഗബാധയുള്ളവര്‍ക്കും വീടുകളിലെത്തി വാക്‌സിന്‍ നല്‍കണമെന്ന്് ആവശ്യപ്പെട്ട് ദ്രുതി കപാടിയ, കുനല്‍ തിവാരി എന്നിവര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.
''കേരളവും ജമ്മുവും അത് ചെയ്യുന്നുണ്ട്. എങ്കില്‍ എന്തുകൊണ്ട് ഇപ്രകാരം ചെയ്യാന്‍ അനുമതി നല്‍കി ഗൈഡ് ലൈന്‍ പുറപ്പെടുവിച്ചുകൂടാ? ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കാത്തതെന്താണ്?'' കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രശ്‌നമെന്തണെന്ന് മനസ്സിലാവുന്നില്ലെന്നും കോടതി അദ്ഭുതം പ്രകടിപ്പിച്ചു.
ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് മുനിസിപ്പില്‍ അധികൃതര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ച വിവരം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ കോടതി അഡി. സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശിച്ചു.
