വയോജനങ്ങള്‍ക്ക് ആവശ്യമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വീടുതേടി വരും: തുടക്കം ജനുവരി 15 മുതല്‍
തിരുവനന്തപുരം: വയോജനങ്ങള്‍ നേരിട്ട് സര്‍ക്കാര്‍ ഓഫിസിലെത്തി കാര്യങ്ങള്‍ നടത്തുന്ന ശൈലിയില്‍ മാറ്റം വരുത്താനൊരുങ്ങി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ മുന്‍കൂട്ടി തീരുമാനിച്ച അഞ്ച് സേവനങ്ങള്‍ക്കുവേണ്ടി ഇനി മുതല്‍ വയോജനങ്ങള്‍ സര്‍ക്കാരോഫീസിലെത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മസ്റ്ററിങ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അപേക്ഷ, സിഎംഡിആര്‍എഫിലെ സഹായം, അത്യാവശ്യ ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന സേവനങ്ങള്‍. ഈ ജനുവരി പത്തിനുമുമ്പ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും. ക്രമേണ ഇവര്‍ക്കുവേണ്ട എല്ലാ സേവനങ്ങളും വീട്ടില്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
''സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാനോ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനോ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് നേരിട്ട് എത്തേണ്ടതില്ലാത്ത രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഓണ്‍ലൈനായി സേവനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീടുകളില്‍ പോയി പരാതി സ്വീകരിച്ച് അധികാരികള്‍ക്ക് എത്തിച്ച് തുടര്‍നടപടികളുടെ വിവരം വിളിച്ച് അറിയിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. ഇതിന് സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിനിയോഗിക്കും''- വാര്‍ത്താകുറിപ്പില്‍ പറയുന്നു.
65 വയസ്സിനു മുകളിലുള്ള ആളുകള്‍ താമസമുള്ളതും (പ്രത്യേകിച്ച് മറ്റുള്ളവരുടെ സഹായം ഇല്ലാതെ താമസിക്കുന്നവര്‍) ഭിന്നശേഷിക്കാര്‍ (കാഴ്ചശക്തി, കേള്‍വി, ചലനശേഷി എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍) ഉള്ളതും ആയ വീടുകളുടെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആ പ്രദേശത്തെ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കും. ഭവന സന്ദര്‍ശനത്തിലൂടെ സര്‍ക്കാര്‍ സേവനങ്ങളുടെ ആവശ്യം ഉണ്ടോയെന്ന് അന്വേഷിച്ച് മേല്‍പ്പറഞ്ഞ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും. ഈ പരിപാടി ജനുവരി 15ന് ആരംഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ കളക്ടര്‍മാരുമാണ് ഈ പരിപാടി ഏകോപിപ്പിക്കുന്നത്.
