കശ്മീരില്‍ പ്രതിഷേധം മൂന്നാം ദിവസവും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Update: 2026-03-04 09:04 GMT

ശ്രീനഗര്‍: ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖംനാഈയുടെ വധവുമായി ബന്ധപ്പെട്ട് കശ്മീര്‍ താഴ്‌വരയില്‍ ഉയര്‍ന്ന പ്രതിഷേധം മൂന്നാം ദിവസവും തുടരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിനായി ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്ക് ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത കുറച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടൊപ്പം പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ക്കും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീനഗറിലെ ലാല്‍ ചൗക്കിലുള്ള ചരിത്രപ്രസിദ്ധമായ ഘണ്ട ഘര്‍ പ്രദേശം പൂര്‍ണമായും ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. പോലിസ്, സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള സുരക്ഷാസേനകളെ വ്യാപകമായി വിന്യസിച്ചിട്ടുണ്ട്.

അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ ഖംനാഈ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഞായറാഴ്ച രാത്രി മുതലാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. വടക്കന്‍ കശ്മീരിലെ സംബാല്‍, പട്ടാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് ബലപ്രയോഗം നടത്തി.

Tags: