കൊവിഡ് 19: കേന്ദ്ര അവഗണനയ്‌ക്കെതിരേ ദേശീയ പതാകയുയര്‍ത്തി പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രതിഷേധം

Update: 2020-04-30 11:06 GMT

ചണ്ഡീഗഡ്: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും കേന്ദ്ര അവഗണനയ്‌ക്കെതിരേയും പഞ്ചാബില്‍ ദേശീയപതാക ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധിക്കും. മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ വീടുകള്‍ക്കു മുകളില്‍ ദേശീയപതാക ഉയര്‍ത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ കേന്ദ്ര സഹായം ആവശ്യമാണെന്ന സന്ദേശം നല്‍കുന്നതിനാണ് ഇതെന്ന് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുനില്‍ ജക്കാര്‍ പറഞ്ഞു.

ബിജെപിയിതര സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിന് എതിരാണ് ദേശീയപതാക ഉയര്‍ത്തി പ്രതിഷേധിക്കുന്നതെന്ന് സംസ്ഥാന വ്യവസായ മന്ത്രിയും ഹോഷിയാര്‍പൂര്‍ എംഎല്‍എയുമായ സുന്ദര്‍ ശ്യാം അറോറയും പറഞ്ഞു.

''പഞ്ചാബിലെ ജനങ്ങളും ഇന്ത്യക്കാരാണ്. പഞ്ചാബിനോടും അവിടത്തെ ജനങ്ങളോടും എന്തുകൊണ്ടാണ് കേന്ദ്രം വിവേചനം കാണിക്കുന്നത്? ഈ ദിനത്തില്‍ കര്‍ഷകരോടും തൊഴിലാളികളോടും മറ്റ് കൊവിഡ് വിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെടുന്നവരോടും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ കവലകളിലും വീടുകളുടെ മേല്‍ക്കൂരകളിലും മെയ് ഒന്ന് രാവിലെ പത്തിന് ത്രിവര്‍ണ്ണപതാക ഉയര്‍ത്തും. ''നാം പഞ്ചാബിലെ ജനങ്ങളും ഇന്ത്യക്കാരാണ്. എന്തുകൊണ്ടാണ് നമ്മോട് ഈ അവഗണന?'' എന്നെഴുതിയ പ്ലക്കാഡുകളും ഉയര്‍ത്തുന്നുണ്ട്. 

Tags:    

Similar News