എച്ച്‌ഐവി പ്രതിരോധം: ടാലന്റ് ഷോ നടത്താനൊരുങ്ങി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി
കോഴിക്കോട്: എച്ച്‌ഐവി പ്രതിരോധത്തിനായി അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കോളജുകളില്‍ ടാലന്റ് ഷോ നടത്താന്‍ ഒരുങ്ങി കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (KSACS).''2025 ഓടെ കേരളത്തില്‍ പുതിയ എച്ച്‌ഐവി അണുബാധകള്‍ ഇല്ലാതാക്കുക'' എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് ഒഎസ്ഒഎം 2022 (Open Stage Open Mind- ഓസം 2022) ടാലന്റ് ഷോ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്നത്.
ഒന്നാം ഘട്ടമായ ജില്ലാതല മല്‍സരത്തില്‍ ജില്ലയിലെ ഐടിഐ, ആര്‍ട്‌സ് ആന്റ് സയന്‍സ്, പ്രൊഫഷനല്‍ കോളജ് തുടങ്ങിയ എല്ലാതരം കോളജുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 4000, 3000, 1500 രൂപ വീതം കാഷ് അവാര്‍ഡ് ലഭിക്കുന്നതാണ്. ഒന്നാം സമ്മാനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക് ലൈവ് സ്‌റ്റേജ് ഷോ ആയി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
യുവാക്കള്‍ക്കിടയില്‍ എച്ച്‌ഐവി രോഗസാധ്യത കൂടുതലാണെന്നിരിക്കെ അവരെ മുന്‍നിര്‍ത്തി എച്ച്‌ഐവി രോഗപ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ടാലന്റ് ഷോയുടെ ലക്ഷ്യം. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് രണ്ടാം വാരത്തിലാണ് സംസ്ഥാനതല ടാലന്റ് ഷോ സംഘടിപ്പിക്കുന്നത്. മല്‍സരത്തിന്റെ മാനദണ്ഡങ്ങള്‍ പാട്ട്, നൃത്തം, സ്റ്റാന്റ് അപ്പ് കോമഡി, മോണോ ആക്ട്, കഥാപ്രസംഗം എന്നിങ്ങനെയുള്ള കലാ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഏഴു മിനിറ്റ് ദൈര്‍ഘ്യത്തില്‍ കവിയാത്ത വ്യക്തിഗത പ്രകടനങ്ങള്‍ റെക്കോര്‍ഡ് ചെയ്താണ് (Recorded Solo Performance) അയക്കേണ്ടത്.
ലഹരി ഉപയോഗവും എച്ച്‌ഐവി അണുബാധയും, എച്ച്‌ഐവിയെ തടയുന്നതില്‍ സന്നദ്ധ രക്തദാനത്തിന്റെ പങ്ക്, എച്ച് ഐ വി ബാധിതര്‍ സമൂഹത്തില്‍ നേരിടുന്ന വിവേചനം എന്നിങ്ങനെ, 'പുതിയ എച്ച്‌ഐവി ബാധിതര്‍ ഇല്ലാത്ത 2025 ലേക്ക്' എന്ന സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രഖ്യാപിത ലക്ഷ്യത്തെ സാധൂകരിക്കുന്ന തരത്തിലുള്ള വിഷയങ്ങളില്‍ ആകണം കലാപ്രകടനങ്ങള്‍. കോസ്റ്റ്യൂംസ് ആവശ്യമുള്ള കലാരൂപങ്ങളില്‍ അവ ഉപയോഗിച്ചുള്ള പ്രകടനങ്ങളാവണം. റെക്കോര്‍ഡ് ചെയ്ത കലാപ്രകടനങ്ങള്‍, വിദ്യാര്‍ഥിയുടെ പേര്, പഠിക്കുന്ന കോഴ്‌സ്, കോളജിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം iecthrissur@gmail.com എന്ന email വിലാസത്തിലേക്ക് 01.08.2022 ന് മുമ്പായി അയയ്ക്കണം. സംശയ നിവാരണങ്ങള്‍ക്ക് രാവിലെ 10 മണിക്കും 4.30 നും ഇടയില്‍ വിളിക്കുക. ഫോണ്‍: 8078181002,9946211528.

