ഇന്ത്യയുടേത് സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രമെന്ന് തുളസീധരന്‍ പള്ളിക്കല്‍

Update: 2020-07-04 16:59 GMT

ജിദ്ദ: തീവ്രകപട ദേശീയത ഉയര്‍ത്തിപ്പിടിച്ച് അധികാരത്തില്‍ വന്ന സംഘപരിവാര്‍ ഭരണകൂടം രാജ്യത്തെ അധ:സ്ഥിത ന്യൂനപക്ഷ വിഭാഗങ്ങളെ ആട്ടിപ്പായിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ഇന്ത്യയില്‍ നടത്തുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.

'നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യചരിത്രം സവര്‍ണ്ണ ആര്യന്മാരും അവര്‍ണ്ണരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രമാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെ യഥാര്‍ത്ഥ അവകാശികളായ ദലിതരെയും ആദിവാസികളെയും മറ്റു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ഒരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം ചവിട്ടിമെതിച്ചു കൊണ്ടാണ് സംഘപരിവാരം ഉന്മാദ നൃത്തമാടുന്നത്'- ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് കമ്മിറ്റി 'ചരിത്രവും സമകാലിക ഇന്ത്യയും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാറില്‍ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ്സിന്റെ രൂപീകരണത്തോടെയാണ് ഇന്ത്യയില്‍ വംശീയത ഉടലെടുത്തതെന്ന അബദ്ധധാരണ തിരുത്തപ്പെടേണ്ടതാണ്. പുലയനും പറയനും ചെറുമനും കണക്കനുമടക്കമുള്ള കീഴാളസമൂഹത്തെ ചേര്‍ത്തുപിടിച്ച് കാപട്യത്തിന്റെ മുഖംമൂടിയിട്ടു ഹിന്ദുക്കള്‍ ഒന്നാണെന്ന വ്യാജചരിത്രം സൃഷ്ടിക്കാനാണ് സംഘപരിവാര്‍ പദ്ധതി. 2014 മുതല്‍ രാജ്യത്തു ഹിംസാത്മക ഭരണകൂടം രാജ്യത്തിന്റെ പൂര്‍ണാവകാശം പിടിച്ചടക്കാനുള്ള തത്രപ്പാടിലാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് അധിനിവേശ സേനക്കെതിരെ നെഞ്ചു വിരിച്ചു നിന്ന് പോരാടാന്‍ തയ്യാറായ ജനവിഭാഗമാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍. പറങ്കികള്‍ക്കെതിരെയും വെള്ളക്കാര്‍ക്കെതിരെയും തങ്ങളുടെ സര്‍വ്വതും ത്യജിച്ചു രക്തസാക്ഷ്യം വഹിക്കാന്‍ തയ്യാറായ മുസ്‌ലിംകളെപ്പോലുള്ള മറ്റൊരു വിഭാഗത്തെ ചരിത്രത്തില്‍ കാണാനാവില്ല. കീഴാളവര്‍ഗം സവര്‍ണ ജന്മിത്തമ്പുരാക്കന്മാരുടെ ആട്ടും തുപ്പും സഹിച്ചു കഴിഞ്ഞുകൂടിയ കാലഘട്ടത്തില്‍ അവര്‍ക്കു സംരക്ഷണവലയമായി നിന്നതും ജാതീയതയേല്‍ക്കാത്ത മുസ്‌ലിം സമൂഹമായിരുന്നു.

രാജ്യത്ത് ഏതു കുറ്റവാളികളെയും ശിക്ഷിക്കാന്‍ പര്യാപ്തമായ ഇന്ത്യന്‍ ശിക്ഷാനിയമം നിലവിലുള്ളപ്പോള്‍ തങ്ങളുടെ ഇച്ഛക്കനുസരിച്ച് മറ്റുള്ളവരെ ശത്രുക്കളാക്കിയും കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കിയും തുറുങ്കിലടക്കാന്‍ കിരാത നിയമങ്ങള്‍ നിയമനിര്‍മാണ സഭകളില്‍ ചര്‍ച്ചപോലും ചെയ്യാതെ ചുട്ടെടുക്കാന്‍ ഫാഷിസ്റ്റ് ഭരണകൂടം വെമ്പല്‍ കൊള്ളുകയാണ്. ഭരണഘടനയ്ക്ക് വില കല്‍പ്പിക്കാതെ, നീതിന്യായ വ്യവസ്ഥയെ വരുതിയിലാക്കി, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും വഴങ്ങാത്തപക്ഷം കള്ളക്കേസുകളില്‍ പെടുത്തിയും കയ്യിലൊതുക്കിയിരിക്കുകയാണ് ഭരകൂടം. എംപിമാരെയും എംഎല്‍എമാരെയും കുതിരക്കച്ചവടത്തിലൂടെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി ഭരണം പിടിച്ചെടുത്ത് ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുന്നു. ചരിത്രത്തില്‍ 1800 മുതല്‍ 1950 വരെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നമ്മുടെ പൂര്‍വപിതാക്കള്‍ നടത്തിയ പ്രക്ഷോഭ സമരങ്ങളെക്കാള്‍ വലിയ ജനമുന്നേറ്റം നടത്തിയെങ്കില്‍ മാത്രമേ ഫാഷിസ്റ്റ് കിരാത ഭരണകൂടത്തിന്റെ പിടിയില്‍ നിന്നും യഥാര്‍ത്ഥ ഭാരതീയന് സമാധാനപൂര്‍വ്വം ജീവിക്കാനുള്ള അവകാശം ലഭിക്കുകയുള്ളൂവെന്നതാണ് വര്‍ത്തമാനകാല സാഹചര്യം വെളിവാക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന അധികാരമില്ലാത്ത, സ്വസ്ഥമായ ജീവിതസാഹചര്യമില്ലാത്ത അധ:സ്ഥിത, പിന്നാക്ക, ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗക്കാരുടെ യോജിച്ചുള്ള മുന്നേറ്റത്തിന്റെ ഭൂമികയായി ഇന്ത്യാ രാജ്യം മാറേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ചരിത്രത്തെ കശാപ്പു ചെയ്തു സവര്‍ണ്ണാധിപത്യം സ്ഥാപിക്കാന്‍ സര്‍വ്വ സംവിധാനങ്ങളും ദുരുപയോഗം ചെയ്യുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തിയെ നിഷ്‌കാസനം ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരളാ സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി സ്വാഗതം പറഞ്ഞു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗനി മലപ്പുറം ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍ കുട്ടി, അശ്‌റഫ് സി.വി ,മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കല്‍, ഷാഹുല്‍ ചേളാരി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. 

Tags:    

Similar News