കട്ടക്ക്: ഒഡീഷയില്‍ 150ഓളം വരുന്ന ഹിന്ദുത്വര്‍ നിര്‍മാണത്തിലിരിക്കുന്ന ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു. ഒഡീഷയിലെ കോരാപുട്ടില്‍ ബാദഗുഡയിലെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ പളളിയാണ് തകര്‍ത്തത്. മെയ് 16നാണ് ആക്രമണം നടന്നതെങ്കിലും ദേശീയ ശ്രദ്ധയിലേക്കെത്തുന്നത് കഴിഞ്ഞ ദിവസമാണ്.
പ്രതികള്‍ക്കെതിരേ കോരാപുട്ട് സ്റ്റേഷനില്‍ ദേബോ ഭായി, അയ്യൂബ് ഖോറ, ജിതേന്ദ്ര ഖോസ് ല, സുധാകര്‍ ബോസ്ലെ എന്നിവരും പരാതി നല്‍കിയിട്ടുണ്ട്.
വിശ്വാസികളുടെ പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആരെയും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭരണഘടനയിലും കോടതിയിലും വിശ്വാസമുണ്ടെന്നും കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുമെന്നുതന്നെയാണ് വിശ്വാസമെന്നും ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് പ്രസിഡന്റ് സാജന്‍ കെ ജോര്‍ജ് പറഞ്ഞു.
തകര്‍ക്കപ്പെട്ട പള്ളി ഇടവകയില്‍ 12ഓളം ഗോത്രവര്‍ഗ ക്രിസ്ത്യാനി കുടുംബങ്ങളാണ് ഉളളത്. പള്ളി നില്‍ക്കുന്ന ഗ്രാമത്തില്‍ 60ഓളം ഹിന്ദുകുടംബങ്ങളുമുണ്ട്.
കൊവിഡ് വ്യാപനം ശക്തമാണെങ്കിലും ഹിന്ദുത്വര്‍ ഗ്രാമീണര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും നേരെ കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിടുക പതിവാണ്. കഴിഞ്ഞ ജൂലൈ മാസം നടന്ന സമാനമായ ഒരു ആക്രമണത്തില്‍ ഇതേ പ്രദേശത്ത് 8 ക്രിസ്താനികള്‍ക്ക് പരിക്കുപറ്റിയിരുന്നു.
താഴെ തലത്തില്‍ പോലിസ് അക്രമികളുമായി ഒത്തുകളിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജില്ലാ അധികാരികള്‍ ഇടപെടണമെന്ന് കാത്തലിക് ബിഷപ്പ് അപ്ലിനര്‍ കേനാപതി ആവശ്യപ്പെട്ടു. മറ്റ് മതവിഭാഗങ്ങളുമായി നല്ല ബന്ധമാണ് തങ്ങള്‍ക്കെന്നും പക്ഷേ, അവസാനം നടന്ന സംഭവം തങ്ങളെ തകര്‍ത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശ്വാസികള്‍ക്കെതിരേയുള്ള ആക്രമണം ആശങ്കാജനകമാണെന്ന് കട്ടക് ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് ഫാദര്‍ ദീബാകര്‍ പരിച്ഛ പറഞ്ഞു.
2008 ആഗസ്റ്റിലാണ് ഒഡീഷയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ കടുത്ത ആക്രമണം നടന്നത്. അന്നാണ് സ്വാമി ലക്ഷ്മണാനന്ദ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളില്‍ 100ഓളം പേര്‍ മരിച്ചു. 56,000 പേര്‍ ഭവനരഹിതരായി. 6000 വീടുകളും 300 പള്ളികളും തകര്‍ത്തു.
