രാം നവമി ആഘോഷത്തിന്റെ പേരിലുള്ള ഹിന്ദുത്വ ആക്രമണം; മധ്യപ്രദേശില്‍ മുനിസിപ്പില്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് അറസ്റ്റ്

Update: 2022-04-22 01:52 GMT

ഭോപാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാംനവമി ആഘോഷത്തിന്റെ പേരില്‍ ഹുന്ദുത്വര്‍ നടത്തിയ ആക്രമണത്തിനുശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മുനിസിപ്പില്‍ ജീവനക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തു. മുനിസിപ്പല്‍ ജീവനക്കാരനായ ഇബ്രിസ് ഖാനാണ് മരിച്ചത്. അദ്ദേഹത്തിന്റെ വീട് ആക്രമിക്കുന്നവരുടെ കൂട്ടത്തില്‍ ഈ അഞ്ച് പേരും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു.

ഇബ്രിസ് ഖാന്‍ താമസിക്കുന്ന ആനന്ദ് നഗര്‍ റഹിംപുര പ്രദേശത്തെ താമസക്കാരാണ് അറസ്റ്റിലായ അഞ്ച് പേരും.

30 വയസ്സുള്ള ഇബ്രിസ് ഖാനെ ഏപ്രില്‍ 10നു ശേഷം  കാണാതായിരുന്നു. എട്ട് ദിവസത്തിനുശേഷം മൃതദേഹം 120 കിലോമീറ്റര്‍ അകലെ ഇന്‍ഡോറിലെ മോര്‍ച്ചറിയില്‍നിന്ന് കണ്ടെത്തി.

രാംനവമി ദിവസം ഏഴ് എട്ട് പേര്‍ ചേര്‍ന്ന് ഇബ്രിസ് ഖാനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മൃതദേഹം തിരിച്ചറിയാതിരുന്നതിനാല്‍ ഇന്‍ഡോറിലെ മോര്‍ച്ചറിയിലേക്ക് അയക്കുകയായിരുന്നുവെന്നുമാണ് പോലിസ് ഭാഷ്യം. എന്നാല്‍ ഇത് കുടുംബം അംഗീകരിക്കുന്നില്ല. പോലിസ് പലതും മറയ്ക്കുകയാണെന്ന് കുടുംബം ആരോപിച്ചു.

ഏപ്രില്‍ 10ന് തന്റെ സഹോദരനെ പോലിസ് കസ്റ്റഡിയിലാണ് അവസാനം കണ്ടതെന്ന് സഹോദരന്‍ ഇഖ്‌ലാക് ഖാന്‍ പറയുന്നു.

ആനന്ദ് നഗറിലെ ആളുകള്‍ തന്റഎ സഹോദരനെ കല്ലുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും മാധ്യമങ്ങളെ അറിയിക്കുമെന്നു പറഞ്ഞശേഷമാണ് പോലിസ് പലതും പറയാന്‍ തയ്യാറായതെന്നും കുടുംബം പറഞ്ഞു.

ഏപ്രില്‍ 10 ന് രാമനവമി ഘോഷയാത്രയ്ക്കിടെ ഖാര്‍ഗോണില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Tags: