മുസ് ലിം പള്ളി നവീകരണത്തിനെതിരേ ഹിന്ദു മുന്നണി; അനുരഞ്ജനച്ചര്‍ച്ച പൊളിഞ്ഞു; വെല്ലൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ചെന്നൈ; വെല്ലൂരില്‍ പളളി നിര്‍മിക്കുന്നതിനെതിരേ ഹിന്ദു മുന്നണി ഉയര്‍ത്തിയ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഹിന്ദുത്വ ഗ്രൂപ്പുകളും മുസ് ലിം വിഭാഗങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് ജില്ലാ അധികൃതര്‍ വേദിയൊരുക്കിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. വെല്ലൂര്‍ ഗാന്ധി റോഡില്‍ സര്‍ക്കാര്‍ മുണ്ടി തെരുവില്‍ പള്ളി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഹിന്ദു മുന്നണി തടസ്സം ഉന്നയിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. പ്രദേശത്ത് മൂന്ന് ക്ഷേത്രങ്ങളുണ്ടെന്നും പുതിയൊരു പള്ളി പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നുമാണ് ഹിന്ദു മുന്നണിയുടെ വാദം.
ജില്ലാ ഭരണകൂടം ഇരുകൂട്ടരുടെയും യോഗം വിളിച്ചെങ്കിലും മുസ് ലിം സമുദായനേതാക്കള്‍ യോഗത്തിനെത്തിയില്ല.
മുസ് ലിം നേതാക്കള്‍ ജില്ലാ എസ്പി രാജേഷ് കണ്ണനെയും എഡിഒ വിഷ്ണു പ്രിയയെും കണ്ട് പ്രശ്‌നം പരിഹരിച്ചതായി അറിയിച്ചിരുന്നു. നേരത്തെ ഒരു വ്യാപാരസ്ഥാപനമായിരുന്ന കെട്ടിടമാണ് ഇപ്പോള്‍ പള്ളിയാക്കി മാറ്റിയതെന്നും അത് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും ഹിന്ദു മുന്നണി പറയുന്നു. ചില രേഖകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.
പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് പോലിസിനെ വിന്യസിപ്പിച്ചിരിക്കുകയാണ്. ആവശ്യമായ ലൈസന്‍സോ അനുമതിയോ തേടാതെയാണ് പള്ളി നിര്‍മിക്കുന്നതെന്നും ഹിന്ദുമുന്നണി ആരോപിച്ചു. ഒരുവീടിനെ പളളിയാക്കി മാറ്റുകയാണെന്നാണ് ആരോപണം. നൂറ് മീറ്ററിനുള്ളില്‍ മൂന്ന് ക്ഷേത്രങ്ങളുണ്ടെന്നും അവിടെ പുതുതായി ഒരു പള്ളി വരുന്നത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാവുമെന്നും ഹിന്ദുമുന്നണിക്കാര്‍ വാദിക്കുന്നു. ക്ഷേത്രാചാരങ്ങളുടെ ഭാഗമായ വാദ്യഘോഷങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ഹിന്ദുത്വരുടെ വാദം.
കെട്ടിടം ഒരു വ്യാപാരിയുടേതായിരുന്നുവെന്നും ഈ അടുത്ത് വീട് പുതുക്കി പള്ളിയെന്ന ബോര്‍ഡ് വയ്ക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ഭാവിയില്‍ വര്‍ഗീയ കലാപങ്ങളുണ്ടാക്കുമെന്നതിനാല്‍ പള്ളി നിര്‍മിക്കാന്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സംഘടന ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ''ആ സ്ഥലം വ്യക്തിപരമായ ആരാധനാ കേന്ദ്രമായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പൊതു ആരാധനാലയമാക്കി മാറ്റുന്ന ബോര്‍ഡ് വെച്ചിരിക്കുകയാണ്. ഇതിന് കൃത്യമായ രേഖകളില്ലെന്നാണ് ഹിന്ദു മുന്നണി പറയുന്നത്. റവന്യൂ വകുപ്പ് രേഖകള്‍ പരിശോധിച്ച് വരികയാണ്. എന്ത് വില കൊടുത്തും ക്രമസമാധാനപാലനം നടത്തും. പോലിസ് ജാഗ്രത പാലിക്കുന്നുണ്ട്''വെല്ലൂര്‍ എസ് പി രാജേഷ് കണ്ണന്‍ പറഞ്ഞു.
മുസ് ലിം സമുദായ സംഘടനകളും കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. 1896 മുതല്‍ ഇതൊരു ആരാധനാലയമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഹിന്ദു മുന്നണി മനപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും സംഘടനകള്‍ ആരോപിച്ചു.
പള്ളി 1896 മുതല്‍ ഇതേ സ്ഥലത്തുണ്ടെന്നാണ് ഡിഎംകെ നല്‍കിയ പരാതിയിലും പറയുന്നത്. ഹിന്ദു മുന്നണി മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കുകയാണെന്നും ഡിഎംകെ നേതാവ് സി എസ് ഇഖ്ബാല്‍ ആരോപിച്ചു.

