ജാമിഅയില്‍ വെടിയുതിര്‍ത്ത വിദ്യാര്‍ഥിയെ ആദരിക്കുമെന്ന് ഹിന്ദുമഹാസഭ

. ജാമിഅ സര്‍വകലാശാലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിശബ്ദമാക്കാന്‍ ശ്രമിച്ച ഈ പതിനേഴുകാരനായ വിദ്യാര്‍ഥിയെ കുറിച്ച് അഭിമാനം തോന്നുവെന്നും ആദരിക്കുമെന്നും ഹിന്ദുമഹാസഭാ നേതാക്കള്‍ പറഞ്ഞു.

Update: 2020-01-31 09:10 GMT

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത റാം ഭഗത് ഗോപാല്‍ ശര്‍മ നാഥൂറാം വിനായയക് ഗോഡ്‌സെയെ പോലെ യഥാര്‍ഥ ദേശസ്‌നേഹിയെന്ന് ഹിന്ദുമഹാസഭ. ജാമിഅ സര്‍വകലാശാലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിശബ്ദമാക്കാന്‍ ശ്രമിച്ച ഈ പതിനേഴുകാരനായ വിദ്യാര്‍ഥിയെ കുറിച്ച് അഭിമാനം തോന്നുവെന്നും ആദരിക്കുമെന്നും ഹിന്ദുമഹാസഭാ നേതാക്കള്‍ പറഞ്ഞു.

ദേശവിരുദ്ധ പ്രവര്‍ത്തകര്‍ക്ക്് നേരെ വെടിയുതിര്‍ക്കുന്നത് പ്രശ്‌നമുള്ള കാര്യമല്ല. ജെഎന്‍യുവിലെ ഷര്‍ജീല്‍ ഇമാമിനെപ്പോലെയുള്ള, ജവഹര്‍ലാല്‍ നെഹ്രുസര്‍വകലാശാലയിലെയും ഷഹിന്‍ബാഗിലെ സമരക്കാരും വെടിയേല്‍ക്കാന്‍ ആര്‍ഹതയുള്ളവരാണെന്നും ഹിന്ദുമഹാസഭാ നേതാവ് അശോക് പാണ്ഡെ പറഞ്ഞു. റാം ഭഗത് ഗോപാല്‍ ശര്‍മയ്ക്ക് ആവശ്യമായ നിയമസഹായങ്ങള്‍ നല്‍കുമെന്നും ഹിന്ദുമഹാസഭ അറിയിച്ചു.

അതേസമയം, ഭഗത് ഗോപാല്‍ ശര്‍മയ്‌ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തതായി ഡല്‍ഹി പോലിസ് അറിയിച്ചു.ബജ്‌റംഗ് ദളിന്റെ സജീവ പ്രവര്‍ത്തകനാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശില്‍ ഡല്‍ഹിയോടു ചേര്‍ന്ന പ്രദേശമായ ഗൗതംബുദ്ധനഗറില്‍നിന്നുള്ള 11ാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇയാളെന്നും പോലിസ് അവകാശപ്പെട്ടു.

പൗരത്വനിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവരെ അക്രമിക്കാന്‍ ഇയാള്‍ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. അതിനായി തോക്കു സ്വന്തമാക്കുകയായിരുന്നു.വ്യാഴാഴ്ച രാവിലെയാണ് വീട്ടില്‍നിന്നു ഇയാള്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.

സ്‌കൂളിലേക്ക് പോകുന്നുവെന്നാണ് വീട്ടിലറിയിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള ബസ്സില്‍ കയറുകയായിരുന്നു. സിഎഎക്കെതിരെ ജാമിയ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരത്തിനിടയില്‍ ഉച്ചയോടെ ചേര്‍ന്നു. ഉച്ചയ്ക്ക് 1.40 ഓടെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് തോക്കുമായി പുറത്തേക്കിറങ്ങി. ഇതാ നിങ്ങളുടെ ആസാദി എന്നാക്രോശിച്ച് പ്രതിഷേധക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.അക്രമത്തിന് മിനിറ്റുകള്‍ക്കുമുമ്പ്, 'ഷഹീന്‍ബാഗ് എന്ന കളി കഴിഞ്ഞു' എന്ന് ഫെയ്‌സ് ബുക്കില്‍ ഇയാള്‍ പോസ്റ്റ് ഇട്ടിരുന്നു. ഇയാള്‍ വെടിയുതിര്‍ക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന വന്‍ പോലിസ് സംഘം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു.

Tags:    

Similar News