'ഹിമാലയന്‍ യോഗി' തട്ടിപ്പ് കേസ്; ചിത്ര രാമകൃഷ്ണയുടെ കസ്റ്റഡി ഏപ്രില്‍ 11വരെ നീട്ടി

Update: 2022-03-28 11:37 GMT

മുംബൈ: നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ മാനേജിങ് ഡയറക്ടറും മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ചിത്ര രാമകൃഷ്ണയുടെ കസ്റ്റഡി ഡല്‍ഹി കോടതി നീട്ടി. ഏപ്രില്‍ 11 വരെയാണ് കസ്റ്റഡി നീട്ടിയത്. കസ്റ്റഡിയില്‍ രാമകൃഷ്ണയുടെ കൈയക്ഷര മാതൃകകള്‍ ആവശ്യപ്പെട്ടുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) അപേക്ഷയിലും കോടതി ഉത്തരവിടും. മുന്‍ എന്‍എസ്ഇ മേധാവിയുടെ ജാമ്യാപേക്ഷയില്‍ രണ്ടാഴ്ചക്കകം സിബിഐയുടെ പ്രതികരണം ശനിയാഴ്ച കോടതി തേടിയിരുന്നു.

ഓഹരി വിപണിയിലെ കൃത്രിമം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

സിബിഐ പ്രത്യേക അന്വേഷണ സംഘമാണ് ചിത്രയെ അറസ്റ്റ് ചെയ്തത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

കേസില്‍ എന്‍എസ്ഇയുടെ മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ആനന്ദ് സുബ്രഹ്മണ്യന്റെ ജാമ്യാപേക്ഷയും കോടതി നേരത്തെ തള്ളിയിരുന്നു. കേസില്‍ രാമകൃഷ്ണനെ സിബിഐ അടുത്തിടെ ചോദ്യം ചെയ്തിരുന്നു. ആദായനികുതി (ഐടി) വകുപ്പ് നേരത്തെ മുംബൈയിലും ചെന്നൈയിലും ഇവരുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.

Tags: