സാമ്പത്തിക പ്രതിസന്ധി രൂക്ഷം; മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശമ്പളം വെട്ടിക്കുറച്ച് ഹിമാചല്‍ സര്‍ക്കാര്‍
ഷിംല: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഹിമാചല്‍ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം താല്‍ക്കാലികമായി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെ ശമ്പളത്തില്‍ 50 ശതമാനവും മന്ത്രിമാരുടേതില്‍ 30 ശതമാനവും എംഎല്‍എമാരുടേതില്‍ 20 ശതമാനവും കുറവ് വരുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ചീഫ് സെക്രട്ടറി, ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 30 ശതമാനവും വിവിധ വകുപ്പ് മേധാവികളുടേതില്‍ 20 ശതമാനവും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിരുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വരുമാന നഷ്ടം മറികടക്കുന്നതിനായാണ് ആറു മാസത്തേക്ക് ഈ കടുത്ത നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടന്നതിന് ശേഷം തടഞ്ഞുവെച്ച തുക മുഴുവന്‍ തിരികെ നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.
പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയും ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
