ഹിജാബ് നിരോധനം; കര്‍ണാടകയിലെ സ്‌കൂളുകള്‍ നാളെ തുറക്കും; പ്രശ്‌നക്കാര്‍ക്കെതിരേ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി

Update: 2022-02-13 09:57 GMT

ഹുബ്ലി; കര്‍ണാടകയിലെ സ്‌കൂളുകള്‍ നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. 10ാം ക്ലാസ് വരെയാണ് നാളെ മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങുക. പ്രശ്‌നക്കാര്‍ക്കെതിരേ നിയമനപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഹുബ്ലിയില്‍ റിപോര്‍ട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. സ്വന്തമായും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്‌കൂളുകളും കോളേജുകളും എത്രയും വേഗം തുറക്കുകയും സമാധാനപരമായ പഠനത്തിന് സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പ്രഥമ കര്‍ത്തവ്യം. മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മറ്റ് കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ കൈകാര്യം ചെയ്യും- മുഖ്യമന്ത്രി പറഞ്ഞു.

ഹൈസ്‌കൂളുകളാണ് നാളെ തുറക്കുന്നത്. ജില്ലാ കമ്മീഷ്ണര്‍മാരോടും സ്‌കൂള്‍ മാനേജ്‌മെന്റുകളോടും സമാധാന യോഗങ്ങള്‍ വിളിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

'കോളേജുകള്‍ പഴയതുപോലെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കും. സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കുക എന്നതാണ് പ്രഥമ പരിഗണന. വിദ്യാഭ്യാസ മന്ത്രിയോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക'- മുഖ്യമന്ത്രി പറഞ്ഞു.

Tags: