ഹിജാബ് നിരോധനം; പ്രതിഷേധിച്ച ആറ് പെണ്‍കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍; ഭീതിയോടെ കുടുംബങ്ങള്‍

Update: 2022-02-10 02:20 GMT

ഉഡുപ്പി; ഹിജാബ് ധരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധിക്കുകയും ഹൈക്കോടതയില്‍ ഹരജി നല്‍കുകയും ചെയ്ത ആറ് പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറും വിലാസവും അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ കര്‍ണാടകയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. കുട്ടികള്‍ പഠിക്കുന്ന ഗവണ്‍മെന്റ് പ്രീ യൂനിവാഴ്‌സിറ്റി കോളജിന്റെ ലഡ്ജറിന്റെ സ്‌കാന്‍ ചെയ്ത കോപ്പിയാണ് വാട്‌സ്ആപ്പിലടക്കം ഫോര്‍വേഡ് ചെയ്യപ്പെടുന്നത്. പെണ്‍കുട്ടികളുടെ ഫോണിലേക്ക് അജ്ഞാത സന്ദേശങ്ങളും ഭീഷണിസന്ദേശങ്ങളും വ്യാപകമായി എത്തിയതോടെയാണ് കോളജിലെ ലെഡ്ജര്‍ ചോര്‍ന്ന വിവരം പുറത്തറിയുന്നത്. ആറ് പേരിലൊരാളായ അലിയ ആസാദി എന്ന പെണ്‍കുട്ടിയെ ഉദ്ധരിച്ച് ദി ക്വിന്റ് ആണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ മുന്‍നിരയിലുളളയാളാണ് ആസാദി.

ആറ് പെണ്‍കുട്ടികളുടെ അഡ്മിഷന്‍ ഫോമിന്റെ പിഡിഎഫ് കോപ്പി, കോളജ് ലഡ്ജര്‍ പേജുകള്‍, കുട്ടികളുടെ പേര്, ഫോട്ടോ, മൊബൈല്‍ നമ്പര്‍, വിലാസം, മാതാപിതാക്കളുടെ വിവരങ്ങള്‍ എന്നിവയൊക്കെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഡ്മിഷന്‍ ഫോം കോളജിലല്ലാതെ മറ്റൊരിടത്തും കൊടുക്കേണ്ട കാര്യമില്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.

ഉഡുപ്പി മണ്ഡലത്തിലെ ബിജെപി എംഎല്‍എ രഘുപതി ഭട്ടാണ് കോളജിന്റെ ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍. മുസ് ലിം വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഹിജാബ് ധരിക്കരുതെന്നാണ് എംഎല്‍എയുടെ നിലപാട്.

ഹിജാബ് ധരിച്ചിരുന്ന ആസാദി ഭയംകൊണ്ട് ഇപ്പോള്‍ ബുര്‍ക്കയാണ് ധരിക്കുന്നത്. തങ്ങള്‍ക്കും തങ്ങളുടെ കുടുംബത്തിനുമെതിരേ ആക്രമണമുണ്ടായേക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു. ഹിജാബ് ധരിച്ച് മാധ്യമങ്ങളെ കണ്ട വിദ്യാര്‍ത്ഥിനിയാണ് ആസാദി.

'എന്റെ മുഖം പുറത്തുകാണിക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നില്ല. എല്ലാവര്‍ക്കും എന്നെ തിരിച്ചറിയാം എന്റെ വീടും അറിയാം. ആരെങ്കിലും എന്നെ ലക്ഷ്യമിട്ടാലോ'- ആസാദി ചോദിക്കുന്നു.

പാമ്പുകളെ ഇഷ്ടമുള്ള ആസാദി ഒരു വന്യജീവി ഫോട്ടോഗ്രഫറാവാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ, തന്റെ ആഗ്രഹങ്ങള്‍ ആരും പരിഗണിക്കുന്നില്ലെന്ന് ആസാദി കുറ്റപ്പെടുത്തുന്നു. ബിജെപി എംഎല്‍എ രഘുപതി കാവിഷാള്‍ ധരിച്ചെത്തുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും കുട്ടികള്‍ പറഞ്ഞു.

മറ്റൊരു വിദ്യാര്‍ത്ഥിയായ ഹസ്ര ഷിഫയുടെ മതാപിതാക്കള്‍ക്ക് നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിക്കുന്നത്. അറിയാത്ത നമ്പറുകളില്‍നിന്നാണ് ഫോണ്‍ വരുന്നത്. കുട്ടികള്‍ കോളജിനു നല്‍കിയ വിവരങ്ങള്‍ പുറത്തായതെങ്ങനെയെന്നാണ് ഷിഫ ചോദിക്കുന്നത്.

കാവി സ്‌കാര്‍ഫ് ഉപയോഗിച്ചുള്ള പ്രതിഷേധങ്ങളെ പിന്തുണച്ചുകൊണ്ട് ഹിജാബിന് വേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തെ എംഎല്‍എ വര്‍ഗീയവല്‍ക്കരിച്ചുവെന്നും കാവി ഷാള്‍ ധരിക്കാന്‍ അദ്ദേഹം ഹിന്ദു കുട്ടികളെ പ്രേരിപ്പിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇപ്പോള്‍ കോളേജ് മാത്രമല്ല, വീടുകളും സുരക്ഷിതമല്ലാതായെന്ന് ആസാദി കുറ്റപ്പെടുത്തി.

ഷിഫയ്ക്ക് ഒരു ഡോക്ടറാവാനാണ് ആഗ്രഹം. പഠിച്ച് ആരെങ്കിലും ആവാന്‍ ആഗ്രഹമുണ്ട്. പക്ഷേ, എല്ലാം അവസാനിച്ചുവെന്ന് ഷിഫ കരുതുന്നു.

ലഡ്ജര്‍ ചോര്‍ച്ചയെക്കുറിച്ച് വിശദീകരണം നല്‍കാന്‍ കോളജ് അധികൃതര്‍ വിസമ്മതിച്ചു.