ഹൈക്കോടതി വിധി: സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് വിഡി സതീശന്‍

പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ല

Update: 2022-01-21 12:52 GMT

തിരുവനന്തപുരം: ജില്ലാ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിധിയെ സ്വാഗതം ചെയ്യുന്നു. സാമാന്യ യുക്തിയുള്ള ആര്‍ക്കും ബോധ്യപ്പെടുന്ന കാര്യമാണ് കോടതി പറഞ്ഞത്. നിയന്ത്രണങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലയിലാണ് സിപിഎമ്മിന്റെ പോക്ക്. മുന്നൂറും അഞ്ഞൂറും പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്താനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സിപിഎം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ കൂടി കൊലയ്ക്ക് കൊടുക്കുകയാണ്. കോടതി വിധി അനുസരിച്ചുള്ള തുടര്‍ നടപടികള്‍ വേണം. കാസര്‍കോഡിന് ബാധകമായ ഉത്തരവ് തൃശൂരിനും ബാധകമാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: