സഹകരണ വകുപ്പ് സോഫ്റ്റ് വെയര്‍ കരാറില്‍ ടെന്‍ഡര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

Update: 2026-03-31 05:12 GMT

തിരുവനന്തപുരം: സഹകരണ വകുപ്പ് സോഫ്റ്റ് വെയര്‍ കരാറില്‍ ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മെയ് 19 വരെ നടപടികളുമായി മുന്നോട്ടുപോകരുത് എന്നാണ് ഉത്തരവ്. ഏഴ് ഐടി കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് നടപടി. ദിനേശ് ബീഡി സഹകരണ സംഘത്തിന് കരാര്‍ നല്‍കിയതില്‍ 700 കോടി രൂപയുടെ അഴിമതി നടന്നു എന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് അഴിമതി നടന്നതെന്നും ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ ടെന്‍ഡറില്‍ വ്യക്തതയില്ലായെന്നുമാണ് രമേശ് ചെന്നിത്തല ആരോപിച്ചത്.

ദിനേശ് ബീഡി സഹകരണ സംഘത്തിന് മാത്രം പങ്കെടുക്കാവുന്ന രീതിയില്‍ ടെന്‍ഡര്‍ വിളിച്ചുവെന്നും അത് സുതാര്യമായ കാര്യമല്ലായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സഹകരണ മേഖലയെ പൂര്‍ണ്ണമായി സിപിഎമ്മിന്റെ നിയന്ത്രണത്തിലാകുന്ന ഒരു പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാസവന്റെ നിര്‍ദേശ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്നും ടെന്‍ഡര്‍ ക്ഷണിച്ചത് എത്ര ശാഖകള്‍ക്കാണെന്ന് വ്യക്തമാക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെന്‍ഡര്‍ നല്‍കണമെന്ന് മന്ത്രി ഉള്‍പ്പെടെ ആദ്യമേ തീരുമാനിച്ചിരുന്നെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അഴിമതിയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും 700 കോടി രൂപയില്‍ അധികം നഷ്ടം വരുന്ന തരത്തിലാണ് ഈ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ കള്ള കളിക്ക് കൂട്ട് നിന്ന എല്ലാവര്‍ക്കും എതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: