വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി
കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി. വെള്ളാപ്പള്ളി ഉള്‍പ്പടെയുള്ള എല്ലാ ബോര്‍ഡുമെമ്പര്‍മാരേയും എസ്എന്‍ഡിപി യോഗത്തില്‍ നിന്നും ഹൈക്കോടതി അയോഗ്യരാക്കി. വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിന്‍ അക്കൗണ്ടിന് വാലിഡിറ്റിയില്ലെന്ന് കണ്ടെത്തിയാണ് വെള്ളാപ്പള്ളിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. പ്രൊഫ. സാനു മാസ്റ്ററും, സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. എസ് ചന്ദ്രസേനനും നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ടി ആര്‍ രവിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
എസ്എന്‍ഡിപി യോഗം കമ്പനി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നാണ് പറയുന്നത്. ഇതിലെ ഡയറക്ടര്‍മാരാണ് വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും ഉള്‍പ്പെടെയുള്ളവര്‍. വെള്ളാപ്പള്ളി നടേശന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രസിഡന്റ് എം എന്‍ സോമന്‍, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോര്‍ഡ് അംഗങ്ങളായ 170 പേരാണ് അയോഗ്യരാക്കപ്പെട്ടത്. കമ്പനി ഡയറക്ടര്‍മാര്‍ക്ക് ഡിന്‍ അക്കൗണ്ട് നിര്‍ബന്ധമാണ്. എന്നാല്‍, ഇവരുടെ ഡിന്‍ അക്കൗണ്ടിന് സാധുതയില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.
ഒന്‍പത് വര്‍ഷമായി എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക വരവ് ചെലവ് കണക്ക് നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്ന് വര്‍ഷം തുടര്‍ച്ചയായി അക്കൗണ്ടുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അയോഗ്യരാക്കാം എന്നാണ് നിരീക്ഷിച്ചത്. 2014 മുതല്‍ അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കില്ലെന്നും ഡയറക്ടര്‍മാര്‍ക്ക് ഡിന്‍ നമ്പര്‍ ഇല്ലെന്നും കോടതി കണ്ടെത്തി. തുടര്‍ന്നാണ് കമ്പനി ആക്ടിന്റെ 164(2) പ്രകാരം വെള്ളാപ്പള്ളി അടക്കമുള്ളവരെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 2024 മുതല്‍ ഹൈക്കോടതിയുടെ മുന്നിലുള്ള കേസാണിത്.
