അഭിഭാഷക അസോസിയേഷന്റെ ഹരജി തള്ളി; കോടതി ഫീസ് വര്‍ധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി
കൊച്ചി: സംസ്ഥാനത്ത് കോടതി ഫീസ് നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാരിന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ അംഗീകാരം. ഫീസ് വര്‍ധന ചോദ്യംചെയ്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ നല്‍കിയ ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളിക്കളഞ്ഞു. ഗവേഷണവും വിശദമായ വിശകലനവുമനുസരിച്ചാണ് കോടതി ഫീസ് പരിഷ്‌കരിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് ഫീസ് വര്‍ധിപ്പിക്കാന്‍ നിയമപരമായ അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതോടെയാണ് നടപടി.
ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍ റിപോര്‍ട്ട് നിരക്ക് വര്‍ധനയ്ക്ക് അടിസ്ഥാനമായ വസ്തുതാന്വേഷണ രേഖ മാത്രമാണെന്നും, മറ്റു ഘടകങ്ങളും പരിഗണിച്ചാണെന്നും കോടതി വ്യക്തമാക്കി. ഫീസ് വര്‍ധന ഭരണഘടനാവിരുദ്ധമാണെന്ന അഭിഭാഷക അസോസിയേഷന്റെ വാദം ഹൈക്കോടതി നിരസിച്ചു. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണപ്രകാരം, 2023-24 സാമ്പത്തിക സര്‍വേ റിപോര്‍ട്ടും ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ 189ആം റിപോര്‍ട്ടും ഉള്‍പ്പെടെ നിരവധി രേഖകള്‍ പരിഗണിച്ചാണ് തീരുമാനം. കൂടാതെ ഹൈക്കോടതി രജിസ്ട്രി, ബാര്‍ കൗണ്‍സില്‍ തുടങ്ങിയ 125 സ്ഥാപനങ്ങളുമായി ചര്‍ച്ചകളും നടത്തിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.
അവസാനമായി കോടതി ഫീസ് പരിഷ്‌കരിച്ചത് 2003ലാണ്. രണ്ടുപതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഈ പരിഷ്‌കരണം ഇപ്പോഴാണ് നടപ്പിലായത്.