വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Update: 2026-01-30 13:04 GMT

കൊച്ചി: സിപിഎം മുന്‍ നേതാവ് വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പോലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് തനിക്കും തന്റെ പരിപാടികള്‍ക്കും നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞികൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. ഹരജിയില്‍ എതിര്‍കക്ഷികളായ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, വി മധുസൂദനന്‍ എംഎല്‍എ, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി പി സന്തോഷ് എന്നിവര്‍ക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

നേരത്തെ കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും പടക്കം പൊട്ടിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ അനുകൂലിച്ച വ്യക്തിയുടെ ബൈക്ക് കത്തിച്ച സംഭവവും പയ്യന്നൂരില്‍ കോണ്‍ഗ്രസ്-ബിജെപി പ്രകടനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ആവശ്യം ഉന്നയിച്ചത്. പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുമെന്ന ശക്തമായ ആശങ്ക തനിക്കുണ്ടെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

പുസ്തക പ്രകാശന ചടങ്ങിന് മാത്രമാണ് താന്‍ സുരക്ഷ ആവശ്യപ്പെട്ടതെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നേരത്തെ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പയ്യന്നൂരിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ചടങ്ങ് സമാധാനപരമായി നടത്താന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ കോടതി പോലിസിന് നിര്‍ദ്ദേശം നല്‍കി.

Tags: