വളര്‍ത്തു നായയെ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ നോട്ടീസ്

അടിമലത്തുറയില്‍ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

Update: 2021-07-02 09:01 GMT

തിരുവനന്തപുരം: അടിമലത്തുറയില്‍ വളര്‍ത്തു നായയെ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി പത്ത് ദിവസം സമയമാണ് ഹൈക്കോടതി സര്‍ക്കാറിന് നല്‍കിയിട്ടുള്ളത്.


അടിമലത്തുറയില്‍ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നടപടികള്‍ വേഗത്തിലാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. നടപടികള്‍ വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു


ഹൈക്കോടതിയിലെ ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി കോടതിയുടെ പരിഗണനയില്‍ വന്നത്. പൊതു താല്‍പര്യ ഹര്‍ജിയായാണ് വിഷയം കോടതി പരിഗണിച്ചത്. മൃഗങ്ങളോട് ഉള്ള ക്രൂരതയെന്ന് വിഷയത്തില്‍ കോടതി ഇടപെടണം എന്നായിരുന്നു കത്തിലെ ആവശ്യം. ഹൈക്കോടതി സ്വമേധയാ കേസെടുക്കകയായിരുന്നു.


ബുധനാഴ്ചയാണ് വിഴിഞ്ഞം അടിമലത്തുറയില്‍ വളര്‍ത്തു നായയെ കെട്ടിയിട്ട് അടിച്ചു കൊന്നു സംഭവം പുറത്ത് വന്നത്. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് മൂന്നുപേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. നായയെ മരത്തടി ഉപയോഗിച്ച് അടിച്ച് അവശനാക്കി ചൂണ്ടകൊളുത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് നായയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.




Tags: