സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി ഹൈക്കോടതി

സര്‍ക്കാരിന് ദുരുദ്ദേശമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി

Update: 2026-01-28 16:42 GMT

കൊച്ചി: കൊവിഡ് കാലത്തെ സ്പ്രിംഗ്ലര്‍ ഇടപാടില്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി ഹൈക്കോടതി. ഇടപാടില്‍ സര്‍ക്കാരിന് ദുരുദ്ദേശമുണ്ടായിരുന്നുവെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. അസാധാരണമായ കോവിഡ് സാഹചര്യത്തിലായിരുന്നു ഇത്തരമൊരു കരാര്‍ വേണ്ടിവന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന വാദം കോടതി അംഗീകരിച്ചില്ല. സ്പ്രിംക്ലര്‍ കമ്പനിയെ ഒരു ഉപാധിയായി മാത്രമാണ് ഉപയോഗിച്ചത്. ഡാറ്റയുടെ നിയന്ത്രണം സര്‍ക്കാരില്‍ തന്നെയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് കാലത്ത് ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പ്രതിപക്ഷമാണ് ഹരജി നല്‍കിയിരുന്നത്.

സ്പ്രിംഗ്ലര്‍ വിവരക്കൈമാറ്റത്തിന്റെ മറവില്‍ വന്‍ അഴിമതി നടന്നെന്നും 700 കോടി രൂപ വരേയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഈ കമ്പനിക്ക് വിറ്റെന്നുമാണ് മുന്‍ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉള്‍പ്പെടേയുള്ള പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ ആരോപിച്ചിരുന്നത്. ഡാറ്റാ മോഷണക്കേസില്‍ അമേരിക്കയില്‍ നടപടി നേരിടുന്ന സ്പ്രിംഗ്ലര്‍ കമ്പനിയെ ഇടപാടിനായി നിശ്ചയിച്ചതിനു പിന്നില്‍ സര്‍ക്കാരിന് ദുരുദ്ദേശമുണ്ടെന്നായിരുന്നു ആരോപണം. കൊവിഡ് വ്യാപന കാലത്ത് രോഗബാധിതരുടെ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു സ്പ്രിംഗ്ളറും സര്‍ക്കാരും തമ്മില്‍ കരാറുണ്ടാക്കിയിരുന്നത്.

Tags: