കൊച്ചി: ഹാല്‍ സിനിമ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കാണും. കത്തോലിക്ക കോണ്‍ഗ്രസിന്റെ അപ്പീലിലാണ് നടപടി. ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് ജഡ്ജിമാര്‍ സിനിമ കാണുക. എന്നാല്‍ വിഷയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഉന്നയിച്ച വിഷയങ്ങള്‍ കണ്ടെത്താനായില്ലെങ്കില്‍ പിഴ ചുമത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
സിനിമ എങ്ങനെയാണ് കത്തോലിക്കാ കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. സിനിമയുടെ ഏത് ഭാഗമാണ് നിങ്ങളുടെ അന്തസിനെ ബാധിക്കുന്നതെന്നും മിശ്രവിവാഹം സിനിമയിലല്ലേയെന്നും കത്തോലിക്കാ കോണ്‍ഗ്രസിനോട് ഹൈക്കോടതി ചോദിച്ചു. ഹാല്‍ സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്നതാണ്. പരസ്പര വിശ്വാസങ്ങളെ തെറ്റായി സിനിമ ചിത്രീകരിക്കുന്നില്ല. മതപരമായ നിയന്ത്രണങ്ങളെ മറികടക്കാന്‍ പ്രണയത്തിന് കഴിയുമെന്ന് സിനിമ സംസാരിക്കുന്നു. മതേതര ലോകത്തിന്റെ സന്ദേശം അവതരിപ്പിക്കാനാണ് ഹാല്‍ സിനിമ ശ്രമിക്കുന്നതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
സിനിമ ലവ് ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്നത് എന്നായിരുന്നു കത്തോലിക്കാ കോണ്‍ഗ്രസ് ആരോപണം. താമരശ്ശേരി ബിഷപ്പിനെ മോശമായി ചിത്രീകരിച്ചെന്നും അപ്പീലില്‍ പറഞ്ഞിരുന്നു.