തദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

Update: 2024-12-18 10:10 GMT

കൊച്ചി: തദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി. ഏഴ് നഗരസഭകളിലെ വാര്‍ഡുകള്‍ വിഭജിക്കാനുള്ള ഉത്തരവാണ് റദ്ദാക്കിയത്. ഫറോക്ക്, കൊടുവള്ളി, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം എന്നിവയാണ് വിഭജനം റദ്ദാക്കിയ വാര്‍ഡുകള്‍. മുനിസിപ്പല്‍ ആക്ട് ഭേദഗതിയിലൂടെ വാര്‍ഡ് വിഭജനം നടത്താനുള്ള നീക്കത്തിനെതിരെ കൊടുവള്ളി, ഫെറോക്ക്, മുക്കം, വളാഞ്ചേരി, പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂര്‍ മുനിസിപ്പാലിറ്റികളിലെയും ചില പഞ്ചായത്തിലെയും കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നല്‍കിയ ഹരജിയിലാണ് വിധി.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വാര്‍ഡുകള്‍ വിഭജിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ വാര്‍ഡുകള്‍ വിഭജിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

2011ലെ സെന്‍സസ് പ്രകാരം 2015-ല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് പുനര്‍വിഭജനം നടത്തിയിട്ടുള്ളതാണ്. അതിനുശേഷം സെന്‍സസ് നടന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടത്തിയിട്ടുള്ള വാര്‍ഡ് പുനര്‍വിഭജനം നിയമപരമായി നിലനില്‍ക്കില്ല എന്നതാണ് ഹൈക്കോടതി നിരീക്ഷണം. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഡ് പുനര്‍വിഭജനം രാഷ്ട്രീയപദ്ധതിയാണെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു. അതേസമയം സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡ് വിഭജനവും റദ്ദാക്കിയിട്ടില്ല.

Tags: