തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി; കാരാട്ട് റസാഖിന്റെ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി

Update: 2026-01-29 14:30 GMT

ന്യൂഡല്‍ഹി: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവള്ളി മണ്ഡലത്തില്‍ നിന്നുള്ള കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി. തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി പുറപ്പടുവിച്ച വിധിയിലെ പരാമര്‍ശങ്ങള്‍ തന്റെ സല്‍പ്പേര് നഷ്ടപെടുത്തിയെന്നും നിരപരാധിത്വം തെളിയിക്കാന്‍ അനുവദിക്കണമെന്നും കാരാട്ട് റസാഖ് സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചാണ് സുപ്രിംകോടതി കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്

എതിര്‍സ്ഥാര്‍ഥി എം എ റസാഖിനെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന വിഡിയോ നിര്‍മിച്ച് പ്രചരണം നടത്തിയെന്നാണ് കാരാട്ട് റസാഖിനെതിരേ ഹൈക്കോടതി കണ്ടെത്തിയ കുറ്റം. ജനപ്രാതിനിധ്യ നിയമത്തിലെ 123(2), 123(4) വകുപ്പുകള്‍ പ്രകാരം തിരഞ്ഞെടുപ്പ് ക്രമക്കേട് വ്യക്തമാണെന്നും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയുടെ ഈ കണ്ടെത്തലുകള്‍ കാരണം റസാഖിന്റെ സല്‍പ്പേര് നഷ്ടമായെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സുപ്രിംകോടതിയില്‍ ഇന്ന് വാദിച്ചത്.

ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ തെളിവുകളുണ്ടെന്നും കാരാട്ട് റസാഖിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതി വിധിച്ച അയോഗ്യതയെ ചോദ്യം ചെയ്യുന്നതായും അഭിഭാഷകര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചത്. കാരാട്ട് റസാഖിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ റോമി ചാക്കോ, അഭിഭാഷകന്‍ ദീപക് പ്രകാശ് എന്നിവര്‍ ഹാജരായി. എം എ റസാഖിനു വേണ്ടി അഭിഭാഷകന്‍ എം എം എസ് അനാമാണ് ഹാജരായത്.

Tags: