കൊച്ചി: ശശി തരൂരിനെ അനുനയിപ്പിക്കാനൊരുങ്ങി ഹൈക്കമാന്‍ഡ്. കൊച്ചിയില്‍ നടന്ന പാര്‍ട്ടിയുടെ മഹാപഞ്ചായത്തില്‍ അരങ്ങേറിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നീക്കം. പാര്‍ലമെന്റിന്റെ സമ്മേളനത്തിന് മുന്നോടിയായാണ് പ്രശ്‌ന പരിഹാരത്തിനൊരുങ്ങുന്നത്. രാഹുല്‍ ഗാന്ധി ശശി തരൂരുമായി നേരിട്ട് സംസാരിക്കുമെന്നാണ് വിവരം. തരൂരിന്റെ പരാതികള്‍ കേള്‍ക്കും. കൊച്ചിയില്‍ ഉണ്ടായത് അവഗണന അല്ലെന്നും തെറ്റിദ്ധാരണ മാത്രം എന്നും തരൂരിനെ ബോധ്യപ്പെടുത്താനാവും രാഹുല്‍ ഗാന്ധിയുടെ ശ്രമം.
മഹാപഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി വേദിയിലുണ്ടായിരുന്ന നേതാക്കളുടെ പേര് പറഞ്ഞ് പ്രസംഗം തുടങ്ങിയെങ്കിലും ശശി തരൂരിന്റെ പേര് ഒഴിവാക്കിയിരുന്നു. ഇതില്‍ തരൂരിന് അതൃപ്തിയുണ്ടായിരുന്നു. തന്റെ പക്കലുണ്ടായിരുന്ന പട്ടികയില്‍ ഇല്ലാത്തതിനാലാണ് തരൂരിന്റെ പേര് പരാമര്‍ശിക്കാതിരുന്നതെന്നും, അത് മനപ്പൂര്‍വ്വം അപമാനിക്കാന്‍ ചെയ്തതല്ലെന്നും രാഹുല്‍ ഗാന്ധി പിന്നീട് വ്യക്തമാക്കിയിരുന്നു
കേരള നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഡല്‍ഹിയില്‍ നടന്ന എഐസിസി യോഗത്തില്‍ നിന്നും തരൂര്‍ വിട്ട് നിന്നതും നേതൃത്വത്തിന് കല്ലുകടിയായി. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തരൂരിനെപ്പോലെയുള്ള ഒരു നേതാവിനെ പിണക്കുന്നത് പാര്‍ട്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും എന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.