കപ്പ് ഓഫ് ലൈഫ് പദ്ധതി: ലോഗോ പ്രകാശനം ചെയ്തു

കൊച്ചി ഐ എം എ ഹൗസില്‍ നടന്ന ചടങ്ങില്‍ നടന്‍ ജയസൂര്യ ലോഗോ പ്രകാശനം നിര്‍വഹിച്ചു

Update: 2022-07-13 14:40 GMT

കൊച്ചി: ആര്‍ത്തവ ശുചിത്വ രംഗത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വ അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് ഹൈബി ഈഡന്‍ എംപി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. കൊച്ചി ഐ എം എ ഹൗസില്‍ നടന്ന ചടങ്ങില്‍ നടന്‍ ജയസൂര്യ ലോഗോ പ്രകാശനം നിര്‍വഹിച്ചു.

ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ചടങ്ങാണിതെന്ന് ജയസൂര്യ പറഞ്ഞു. വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്ന കപ്പ് ഓഫ് ലൈഫ് ഒരു വിപ്ലവം തന്നെയാണ്. ആര്‍ത്തവം സംബന്ധിച്ച് സ്‌കൂള്‍ തലം മുതല്‍ ബോധവത്കരണം അനിവാര്യമാണ്. എല്ലാ പുരുഷന്‍മാരിലും ഒരു സ്ത്രീ ഉണ്ട്. ആര്‍ത്തവം അടക്കമുള്ള സ്ത്രീയെ സംബന്ധിച്ച വിഷയങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതല്ലെന്നും ജയസൂര്യ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവ കോര്‍ത്തിണക്കിയുള്ള പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഹൈബി ഈഡന്‍ എംപി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ്,സി എസ് ആര്‍ വിഭാഗം ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എസ്. രാജ് മോഹന്‍ നായര്‍, കപ്പ് ഓഫ് ലൈഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ.അഖില്‍ മാനുവല്‍ സംസാരിച്ചു. ഐ എം എ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ് സ്വാഗതവും സെക്രട്ടറി ഡോ. അനിത തിലകന്‍ നന്ദിയും പറഞ്ഞു.

അഗസ്റ്റ് 30, 31 തീയതികളില്‍ 24 മണിക്കൂറിനുള്ളില്‍ 100 വേദികളിലായി ഒരു ലക്ഷം മെന്‍സ്ട്രുല്‍ കപ്പ് വിതരണം ചെയ്യുന്നതാണ് കപ്പ് ഓഫ് ലൈഫ് പദ്ധതി. പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ 1.5 കോടി മുത്തൂറ്റ് ഫിനാന്‍സിന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നാണ് നല്‍കുന്നത്. ഇതിന്റെ പ്രചാരണത്തിനായി രണ്ട് മാസം നീളുന്ന ബോധവല്‍ക്കരണ, കലാ, സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വേദിയൊരുക്കാന്‍ താല്‍പര്യമുള്ള കോളജുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ 0484 3503177 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

Tags: