മൂന്ന് അന്തര്‍ദേശീയ പുരസ്‌കാരങ്ങളുമായി ഹീമോഫീലിയ ആരോഗ്യ കേന്ദ്രം

Update: 2021-11-09 09:01 GMT

ആലുവ: ഹീമോഫീലിയ ചികിത്സ മികവില്‍ മൂന്ന് അന്തര്‍ ദേശീയ പുരസ്‌കാരങ്ങളുമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആലുവയിലെ ഹീമോഫീലിയ സമഗ്ര ആരോഗ്യ കേന്ദ്രം. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയ സ്‌പോണ്‍സര്‍ ചെയ്ത ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റര്‍ (എച്ച്ടിസി), ട്വിന്നിംഗ്‌സ് പാര്‍ട്ണന്‍ പുരസ്‌കാരവും ഗ്രി ഫോള്‍സ് ഹിമോഫിലിയ അവയര്‍നെസ് ഗ്ലോബല്‍ അവാര്‍ഡും ഹീമോഫീലിയ രോഗികളുടെ വിവരങ്ങള്‍ സമഗ്രമായി ശേഖരിച്ച് സ്വകാര്യത കൈവിടാതെ സൂക്ഷിച്ചതിന് 2021 ലെ ഡാറ്റ എക്‌സലന്‍സി അവാര്‍ഡ് എന്നിവയാണ് ലഭിച്ചത്. 

ആഗോള തലത്തില്‍ ഹീമോഫീലിയ രോഗികളുടെ പരിചരണവും അവരുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആരോഗ്യ സംരക്ഷണ വിദഗ്ധര്‍, ഹീമോഫീലിയ ചികിത്സാ കേന്ദ്രങ്ങള്‍, ഹീമോഫീലിയ സൊസൈറ്റികള്‍ എന്നിവരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ലക്ഷ്യമിടുന്ന അവാര്‍ഡാണ് ഇത്. പ്രതിവര്‍ഷം 5 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.

ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് ആലുവ ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്ററിലെ നേഴ്‌സ് കോര്‍ഡിനേറ്റര്‍ ശ്യാംരാജ് ശാന്തപ്പന്‍ ആണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഹീമോഫീലിയയില്‍ ഇതുവരെ ലഭ്യമല്ലാത്ത പരിചരണത്തിനുള്ള മാനദണ്ഡങ്ങളും ആനുകൂല്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള വ്യക്തമായ സംഭാവനയാണ്  ആലുവ ഹെമോഫിലിയ ട്രീറ്റ്‌മെന്റ് സെന്ററിന് ലഭിച്ചിരിക്കുന്നത്.. ആലുവ ജില്ലാ ആശുപത്രിയില്‍ വച്ചു നടന്ന ചടങ്ങില്‍ അവാര്‍ഡ് ആലുവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റര്‍ ലെ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് ഡോ. വിജയകുമാര്‍ സ്വീകരിച്ചു.

Tags: