ഹെലികോപ്റ്റര്‍ അപകടം; പാര്‍ലമെന്റിലെ ഔദ്യോഗിക പ്രസ്താവന നാളെ

Update: 2021-12-08 11:24 GMT

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവന നാളെയായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇന്ന് പ്രസ്താവന പുറപ്പെടുവിക്കുമെന്നായിരുന്നു നേരത്തെ വിവരം.

കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള പാര്‍ലമെന്റിലെ പ്രസ്താവന വ്യാഴാഴ്ചയുണ്ടാവുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ഏത് സമയത്തായിരിക്കും പ്രസ്താവനയെന്ന് വ്യക്തമല്ല.

അപകടവുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ മന്ത്രാലയത്തിന്റെ കൈവശമുണ്ടെന്നും അത് ഉചിതമായ സമയത്ത് പുറത്തുവിടുമെന്നും താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് ഉച്ചയോടെ കൂനൂരിലെ നീലഗിരി മലനിരകളിലാണ് ബിപിന്‍ റാവത്തടക്കം പതിനാല് പേരുടെ സംഘം സഞ്ചരിച്ചിരുന്ന എംഐ 17 വി 5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തി കുടുംബത്തെ കണ്ടിരുന്നു. 

Tags: