സൈനിക ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി

Update: 2021-12-08 11:34 GMT

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13ആയി. റാവത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. 

ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ, ഡിഫന്‍സ് അസിസ്റ്റന്‍സ്, സുരക്ഷാ കമാന്‍ഡര്‍മാര്‍, ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 14 പേരാണ് അപകത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

കോയമ്പത്തൂരിലെ സുലൂരില്‍ നിന്ന് കൂനൂര്‍ ഡിഫന്‍സ് സ്റ്റാഫ് കോളജിലേക്കുള്ള യാത്രക്കിടയിലാണ് നീലഗിരി കുന്നുകളില്‍ ഹെലികോപ്റ്റര്‍ ഇന്ന് ഉച്ചയ്ക്ക് 12.20ന് തകര്‍ന്നുവീണത്. 

'മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ ഇവിടെ എത്തിയത്. വിമാനത്തിലുണ്ടായിരുന്ന 14 പേരില്‍ അഞ്ച് പേര്‍ മരിച്ചു, മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.'- നേരത്തെ വനംമന്ത്രി കെ രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മരണം 13ആയ വിവരം ഇപ്പോഴാണ് പുറത്തുവന്നത്. 

കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള പാര്‍ലമെന്റിലെ പ്രസ്താവന വ്യാഴാഴ്ചയുണ്ടാവുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ഏത് സമയത്തായിരിക്കും പ്രസ്താവനയെന്ന് വ്യക്തമല്ല. അപകടവുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ മന്ത്രാലയത്തിന്റെ കൈവശമുണ്ടെന്നും അത് ഉചിതമായ സമയത്ത് പുറത്തുവിടുമെന്നും താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് ഉച്ചയോടെ കൂനൂരിലെ നീലഗിരി മലനിരകളിലാണ് ബിപിന്‍ റാവത്തടക്കം പതിനാല് പേരുടെ സംഘം സഞ്ചരിച്ചിരുന്ന എംഐ 17 വി 5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തി കുടുംബത്തെ കണ്ടിരുന്നു.