ശ്രീനഗര്‍: ശ്രീനഗര്‍ ഉള്‍പ്പെടെ കശ്മീരിന്റെ ചില ഭാഗങ്ങളില്‍ വീണ്ടും മഞ്ഞുവീഴ്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയ പാത അധികൃതര്‍ അടച്ചിട്ടു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഗതാഗതം നിര്‍ത്തിവച്ചിരിക്കുന്നത്. 270 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ പാതയില്‍ വെള്ളിയാഴ്ച മുതല്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഇതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുകയും നൂറുകണക്കിന് വാഹനങ്ങള്‍ പാതയില്‍ കുടുങ്ങുകയും ചെയ്തു.
മഞ്ഞ് നീക്കം ചെയ്യല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാലാണ് ഹൈവേ അടച്ചിട്ടിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കുല്‍ഗാം ജില്ലയിലെ ചില ഭാഗങ്ങളില്‍ ഇപ്പോഴും പുതിയ മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കൂടുതല്‍ സമയം എടുത്തേക്കാമെന്ന് ജമ്മു-കശ്മീര്‍ ട്രാഫിക് പോലിസിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം, ശ്രീനഗര്‍ നഗരത്തില്‍ ഇന്ന് പുലര്‍ച്ചെ നേരിയ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയെങ്കിലും വിമാന സര്‍വീസുകളെ ഇത് ബാധിച്ചിട്ടില്ല. വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വക്താവ് അറിയിച്ചു.