ശീതതരംഗം ശക്തമാകുന്നു; ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കനത്ത മൂടല്‍മഞ്ഞിന് സാധ്യത

Update: 2025-12-12 02:59 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വടക്കന്‍, മധ്യ, കിഴക്കന്‍ ഉപദ്വീപ് മേഖലകളില്‍ ഡിസംബര്‍ 14 വരെ ശക്തമായ ശീതതരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, അസം, മണിപ്പൂര്‍, മിസോറം, ത്രിപുര, ഒഡിഷ എന്നിവിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. ഡിസംബര്‍ 13 മുതല്‍ 17 വരെ പടിഞ്ഞാറന്‍ ഹിമാലയന്‍ പ്രദേശങ്ങളായ ജമ്മു കാശ്മീര്‍, ലഡാക്ക്, ഗില്‍ഗിറ്റ്, ബാള്‍ട്ടിസ്ഥാന്‍, മുസാഫറാബാദ് എന്നിവിടങ്ങളില്‍ കാലാവസ്ഥാ പ്രഭാവം ശക്തമാകുമെന്നാണ് പ്രവചനം. 14നു ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഭാഗങ്ങളില്‍ നേരിയ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകാനും സാധ്യതയുണ്ട്.

രാജധാനിയിലെ പല ഭാഗങ്ങളിലും ഇന്ന് രാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ദൃശ്യപരത 50 മുതല്‍ 200 മീറ്റര്‍ വരെ കുറഞ്ഞതോടെ വാഹന ഗതാഗതം തടസ്സപ്പെട്ടു. യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ രാത്രികുറഞ്ഞ താപനില 8 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനിടയുണ്ടെന്നും ഉച്ചക്ക് ഏകദേശം 25 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Tags: