ഹരിയാനയില്‍ കനത്ത പുകമഞ്ഞ്; ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Update: 2025-12-14 09:12 GMT

ചണ്ഡിഗഢ്: ഹരിയാനയില്‍ കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ട്രക്കുകള്‍, കാറുകള്‍, ബസുകള്‍, മോട്ടോര്‍സൈക്കിളുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. നൂറുകണക്കിന് ആളുകള്‍ അപകടത്തില്‍പ്പെട്ടെങ്കിലും ഗുരുതര പരിക്കുകള്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഹിസാറിന് സമീപം ദേശീയപാത 352ലെ റേവാരി മേഖലയിലാണ് നിരവധി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പരസ്പരം ഇടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി വരുന്നതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹരിയാനയില്‍ കടുത്ത തണുപ്പ് തുടരുകയാണ്. മിക്ക ജില്ലകളിലും താപനില നാലു മുതല്‍ ആറു ഡിഗ്രി സെല്‍ഷ്യസ് വരെയാണ് രേഖപ്പെടുത്തുന്നത്. തണുപ്പിനൊപ്പം അനുഭവപ്പെടുന്ന കനത്ത പുകമഞ്ഞ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അധികൃതര്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Tags: