ചെന്നൈ: തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴ നാല് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. താരതമ്യേന ശക്തമായ മഴ ഇടവിട്ട് ലഭിക്കും. തമിഴ്‌നാടിന്റെ തീരജില്ലകളിലും ആന്ധ്രപ്രദേശിലും നവംബര്‍ 11 വരെ മഴ ലഭിക്കും.
ചെന്നൈയില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പലയിടങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. നാല് ജില്ലകളെയാണ് മഴ കൂടുതല്‍ ബാധിച്ചത്. ചെന്നൈ നഗരവും വെള്ളത്തിലായി. 2015നു ശേഷം 24 മണിക്കൂറിനുള്ളില്‍ ലഭിച്ച ഏറ്റവും കൂടുതല്‍ മഴയായിരുന്നു ഇന്നലത്തേത്. മൂന്ന് ജില്ലകളില്‍ സ്‌കൂളുകള്‍ അടച്ചിട്ടു. ദുരന്തനിവാരണ സേനയെ വിന്യസിപ്പിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദമാണ് ഇപ്പോഴത്തെ മഴക്ക് കാരണം.
ന്യൂനമര്‍ദം അറബിക്കടലിലേക്ക് നീങ്ങുന്നുണ്ട്. അടുത്ത 36 മണിക്കൂര്‍ നേരം കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുളളതിനാല്‍ മല്‍സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.