തമിഴ്‌നാട്ടില്‍ കനത്ത മഴ: മൂന്ന് മരണം; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Update: 2021-12-31 02:30 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളുവര്‍, ചിങ്കല്‍പേട്ട് തുടങ്ങിയ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈയിലെയും സമീപപ്രദേശങ്ങളിലെയും പല പ്രദേശങ്ങളും വെള്ളത്തിലാണ്. വ്യാഴാഴ്ച മഴക്കെടുതിയില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഗ്രേറ്റര്‍ ചെന്നൈയിലെ പ്രളയ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരുമായി മഴക്കെടുതികളെയും രക്ഷാപ്രവര്‍ത്തനത്തെയും കുറിച്ച് ചര്‍ച്ച ചെയ്തു.

ചെന്നൈയില്‍ വൈദ്യുതാഘാതമേറ്റാണ് മൂന്ന് പേര്‍ മരിച്ചതെന്ന് റവന്യൂമന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഒരു ആണ്‍കുട്ടിയുമാണ് ഉള്ളത്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ മഴക്കെടുതിയനുഭവിക്കുന്ന നഗരം ചെന്നൈയാണ്.

''കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചിങ്കല്‍പേട്ട് തുടങ്ങി തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് പേരാണ് ഇന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചത്''- മന്ത്രി രാമചന്ദ്രന്‍ പറഞ്ഞു.

നഗരത്തിലെ പല സബ് വെകളും വെള്ളത്തിലാണ്. വെള്ളക്കെട്ടിനിടയിലൂടെ വാഹനനീക്കം ബുദ്ധിമുട്ടായി മാറി.

ചെന്നൈ നഗരത്തിലെ പല സബ് വെകളും പോലിസ് അടച്ചുപൂട്ടി.

കഴിഞ്ഞ ദിവസം രാത്രി 12 മണി വരെ മെട്രോ സര്‍വീസ് പ്രവര്‍ത്തിച്ചു. പലയിടങ്ങളിലായി കുടുങ്ങിയവര്‍ക്ക് വീട്ടിലെത്താന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായിരുന്നു അത്.

Tags: