നിവാര്‍ ജാഗ്രതാ നിര്‍ദേശത്തിനിടയില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ

Update: 2020-11-24 15:57 GMT

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ കനത്ത മഴ. ചെന്നൈയിലും മറ്റ് ഭാഗങ്ങളിലും മഴ പെയ്തുകൊണ്ടിരിക്കുകയാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ ബുധനാഴ്ച വീശുമെന്നാണ് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട് നിരവധി മുന്‍കരുതലുകള്‍ സംസ്ഥാന ഭരണകൂടം കൈക്കൊണ്ടിട്ടുണ്ട്. അതിനിടയിലാണ് ഇന്ന് മഴ പെയ്യാന്‍ തുടങ്ങിയത്. ചുഴലിക്കാറ്റ് ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച സംസ്ഥാനത്ത് പൊതുവാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്.

നവംബര്‍ 25ന് ഉച്ചയോടെയാണ് തമിഴ്‌നാട്ടില്‍ നിവാര്‍ ചുഴലിക്കാറ്റ് വീശിയടിക്കുക. മാമല്ലപുരം, കാരയ്ക്കല്‍ പ്രദേശങ്ങളിലാണ് കാറ്റ് വീശാന്‍ സാധ്യത. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിക്കുക.

ചെന്നൈയിലും ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കയാണ്. നഗരത്തില്‍ 100 മുതല്‍ 110 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടലെ പല ജില്ലകളിലും ബസ് സര്‍വീസ് നിര്‍ത്തലാക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. തീരപ്രദേശത്തെ ജില്ലകളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് ഗവര്‍ണര്‍ ഉത്തരവിട്ടത്. പുതിയ ഉത്തരവ് വരുന്നതുവരെ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതിനാണ് ഇപ്പോള്‍ തീരുമാനം.

നാഗപട്ടണം, കടലൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ടൈ, വില്ലുപുരം, ചെങ്ങല്‍പട്ടു, തിരുവല്ലൂര്‍ ജില്ലകളിലെ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പടി കെ പളനിസ്വാമി അറിയിച്ചു. ഈ ജില്ലകളില്‍ പുതിയ ഉത്തരവ് വരുന്നതുവരെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. പ്രദേശത്തെ നിവാര്‍ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്തുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Similar News