ഡാര്‍ജിലിങ്ങിലെ കനത്തമഴയും മണ്ണിടിച്ചിലും; മരണസംഖ്യ 23 ആയി

Update: 2025-10-06 05:42 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്തമഴയും മണ്ണിടിച്ചിലും മരണസംഖ്യ 23 ആയി ഉയര്‍ന്നു. മിരിക്, സുഖിയ പോഖ്റി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും മണ്ണിടിച്ചിലുകള്‍ ഉണ്ടായത്. പോലിസും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡാര്‍ജിലിങ് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ബംഗാള്‍-സിക്കിം ബന്ധിപ്പിക്കുന്ന റോഡുകളും ഡാര്‍ജിലിങ്-സിലിഗുഡി റൂട്ടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വിനോദസഞ്ചാരികള്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ടൈഗര്‍ ഹില്‍, റോക്ക് ഗാര്‍ഡന്‍ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ടോയ് ട്രെയിന്‍ സര്‍വീസും താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

വടക്കന്‍ ബംഗാളിലെ മറ്റ് പ്രദേശങ്ങളും കനത്തമഴയില്‍ നാശനഷ്ടം നേരിട്ടു. പല ഇടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴയും മിന്നല്‍പ്രളയസാധ്യതയും ഉണ്ടാകാമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്നത്. സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് ഡാര്‍ജിലിങ് എംപി രാജു ബിസ്ത അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തലും നടപടികളും സ്വീകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.



Tags: