സംസ്ഥാനത്ത് മഴ വീണ്ടും കനത്തു; വയനാട്ടില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് അവധി

Update: 2024-07-29 05:28 GMT

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് കിഴക്കന്‍ മലയോര മേഖലകളിലും വയനാട് മേപ്പാടി മേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പുഴകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. മേപ്പാടിയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാര്‍മല വി.എച്ച്.എസ്.സി. സ്‌കൂള്‍, മുണ്ടക്കൈ യു.പി. സ്‌കൂള്‍, പുത്തുമല സ്‌കൂള്‍ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചെമുതല്‍ പെയ്യുന്ന മഴയില്‍ ചെമ്പുകടവ് പാലം വെള്ളത്തിനടിയിലായി. അടിവാരം കൈതപ്പൊയില്‍ പ്രദേശത്തുള്ളവര്‍ വീടുകളില്‍ കുടുങ്ങി. ചെമ്പുകടവ് ഭാഗത്തെ ആദിവാസി കുടുംബങ്ങള്‍ അപകടഭീക്ഷണിയിലാണ്.


വയനാട് മുണ്ടക്കൈ മേഖലയില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ബാണാസുര സാഗര്‍ ഡാമിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. ജലനിരപ്പ് 15 സെന്റിമീറ്റര്‍ കൂടി ഉയരുകയാണെങ്കില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. പുഴയിലെ ജലനിരപ്പ് താഴ്ന്ന് നില്‍ക്കുന്നതിനാല്‍ ഡാം ഷട്ടര്‍ തുറന്നാലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയില്ല.

ഇടുക്കി ജില്ലയിലെ വിവിധ മേഖലകളില്‍ മഴ ശക്തിപ്രാപിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, പാബ്ല ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിരുന്നു. ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കുറച്ചെങ്കിലും ഷട്ടറുകള്‍ ഇപ്പോഴും തുറന്നിരിക്കുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടാനുള്ള സാധ്യതയുമുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2360 അടിയിലെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 130 അടിയാണ്.

തിരുവനന്തപുരത്തും വിവിധ മേഖലകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടത്. ഇടവിട്ട് ശക്തമായ മഴയാണ് രാവിലെ മുതല്‍ അനുഭവപ്പെടുന്നത്.






Tags: