കനത്ത മഴ: വയനാട്ടില്‍ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞ് വീണ് മരിച്ചു

Update: 2019-08-08 06:07 GMT

പനമരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് കാലവര്‍ഷം ശക്തമായതിന് പിന്നാലെ വയനാട്ടില്‍ ഒരു മരണം. കാക്കത്തോടെ ബാബുവിന്റെ ഭാര്യ മുത്തു (24) ആണ് മരിച്ചത്. പ്രളയത്തെതുടര്‍ന്ന് വീട് ഒഴിയുന്നതിനിടെ കുഴഞ്ഞ് വീണാണ് മരിച്ചത്.

ജില്ലയില്‍ ആറ് ദിരിതാശ്വാസ ക്വാമ്പുകള്‍ തുറന്നു. 91 കുടുംബങ്ങളിലായി 399 പേരെ ക്യാംപുകളിലേക്ക് മാറ്റി.മേപ്പാടി പുത്തുമലയിലുണ്ടായ മണ്ണിടച്ചിലില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയതോടെ റോഡ് ഗതാഗതവും സ്തംഭിച്ചു. വൈദ്യുതി ബന്ധം താറുമാറായി. വയനാട് കുറിച്യാര്‍ മല മേല്‍മുറിയില്‍ കനത്ത മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കുറിച്യാര്‍ മല എസ്‌റ്റേറ്റിലെ 10 കുടുംബങ്ങളെ എസ്‌റ്റേറ്റിന്റെ തന്നെ ഹോസ്പിറ്റലിലേക്ക് താത്കാലികമായി മാറ്റി പാര്‍പ്പിക്കും.മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ ആതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ മഴക്കാലത്തെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള മഴയാണ് വയനാട്ടില്‍ പെയ്യുന്നത്.