സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ മുന്നറിയിപ്പ്

Update: 2026-01-03 05:18 GMT

തിരുവനന്തപുരം: പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും ചേര്‍ന്നുള്ള സ്വാധീനഫലമായി ഇന്ന് കേരളത്തില്‍ എട്ടു ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചില പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും അനുഭവപ്പെടാം.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, കേരള തീരത്ത് നിലവില്‍ മല്‍സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി മേഖലകള്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആ പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയുടെ തീവ്രത ക്രമേണ കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags: