ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന് ജമ്മുകശ്മീരിലെ റിയാസിയില്‍ ഒരു കുടുംബത്തിലെ 7 പേര്‍ക്ക് ദാരുണാന്ത്യം. റംബാനില്‍ 4 പേരും മരിച്ചു. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെയാണ്മരിച്ചിരിക്കുന്നത്. റിയാസിയില്‍ പുതിയ മണ്ണിടിച്ചിലുകളും റംബാനില്‍ മേഘസ്‌ഫോടനങ്ങളും ഉണ്ടായി. ദേശീയപാതകള്‍ ഒറ്റപ്പെട്ടു, ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. തുടര്‍ച്ചയായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മേഘസ്‌ഫോടനത്തിലും ജമ്മു കശ്മീരില്‍ 11 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു.
റിയാസി ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെ കച്ച വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് (4,6,8,10,12 വയസ്സ്) ഉള്‍പ്പെടെ ഏഴ് അംഗങ്ങളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
റംബാനിലെ രാജ്ഗഢിലെ ഉയര്‍ന്ന പ്രദേശങ്ങളിലുണ്ടായ മേഘവിസ്‌ഫോടനത്തിലാണ് നാലു പേര്‍ മരിച്ചത്. നാല് പേരെ കാണാതാവുകയും ചെയ്തു. ശക്തമായ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ ഒലിച്ചുപോവുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചിലത് പൂര്‍ണ്ണമായും ഒലിച്ചുപോവുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
ജമ്മു മേഖലയിലുടനീളമുള്ള ഒമ്പത് അന്തര്‍ ജില്ലാ റോഡുകളും മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. ജമ്മു, സാംബ, കതുവ, ഉദംപൂര്‍ എന്നിവിടങ്ങളിലെ ഡസന്‍ കണക്കിന് ഗ്രാമങ്ങള്‍ ദിവസങ്ങളായി തുടരുന്ന മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ട നിലയിലാണ്. ജമ്മുവിലെ കത്രയിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലില്‍ 31 പേര്‍ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
