അതിതീവ്ര മഴ: ഡാം തുറക്കല്‍; വിദഗ്ധ സമിതി തീരുമാനിക്കും

ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം.

Update: 2021-10-18 07:51 GMT

തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്.

ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിത്.

സംസ്ഥാനത്ത് ഇപ്പോള്‍ 184 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. കാംപുകളില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ അടക്കം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളും നാട്ടുകാരും യോജിച്ച് നീങ്ങുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുത്.

ധനസഹായ വിതരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കൃഷി നാശം സംബന്ധിച്ച വിശദ വിവരങ്ങള്‍ ജില്ലകളില്‍ നിന്ന് ലഭ്യമാക്കണം.

ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീര്‍ത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാന്‍ അവലോകന യോഗം തീരുമാനിച്ചു. നിലയ്ക്കല്‍, പെരുന്തേനരുവി മേഖലയില്‍ ഞായറാഴ്ച തന്നെ ഇരുപതു സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു. കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യവും വന്നിരിക്കുന്നു. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വനമേഖലയിലെ കനത്ത മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയയും വര്‍ധിപ്പിക്കുന്നുണ്ട്. ബുധനാഴ്ച മുതല്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ തീര്‍ത്ഥാടനം അനുവദിക്കാന്‍ കഴിയില്ല എന്ന് യോഗം വിലയിരുത്തി. നേരത്തെ നിലക്കലില്‍ എത്തിയ തീര്‍ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ ജില്ലാ ഭരണ സംവിധാനത്തിന് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് രണ്ടു ജില്ലകളിലാണ് കൂടുതല്‍ കെടുതി ഉണ്ടായത്. ബുധനാഴ്ച (ഒക്ടോബര്‍ 20) മുതല്‍ തുടര്‍ന്നുള്ള 23 ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തുലാവര്‍ഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല. എന്നാല്‍ തുലാവര്‍ഷ കണക്കില്‍ കേരളത്തില്‍ ലഭിക്കേണ്ട 84% മഴയും ഒക്ടോബറില്‍ ആദ്യ 17 ദിവസം കൊണ്ട് ലഭിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന സീസണ്‍ ചുഴലിക്കാറ്റ് സീസണ്‍ കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യുന മര്‍ദ്ദങ്ങള്‍ / ചുഴലിക്കാറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

പത്തനംതിട്ടയിലെ കക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ തുറക്കേണ്ട ആവശ്യം വരികയാണെങ്കില്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഒരു എന്‍ഡിആര്‍എഫ് ടീമിനെ ആലപ്പുഴ ജില്ലയിലേക്ക് വിന്യസിച്ചിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാര്‍ തൃശ്ശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ എന്നീ അണക്കെട്ടുകളില്‍ ഇന്ന് രാവിലെ 7 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണപട്ടികയില്‍ ചുവന്ന അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ,മാട്ടുപ്പെട്ടി, പൊന്മുടി,പമ്പ എന്നിവിടങ്ങളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ ഇടമലയാര്‍ നീല അലെര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്.

ജലസേചന വകുപ്പിന്റെ പീച്ചി, ചിമ്മണി ഡാമുകളുടെ ജലനിരപ്പ് റെഡ് അലെര്‍ട്ടില്‍ ആണ്. കല്ലട, ചുള്ളിയാര്‍, മീങ്കര, മലമ്പുഴ, മംഗളം ഓറഞ്ച് അലെര്‍ട്ടിലും, വാഴാനി, പോത്തുണ്ടി ബ്ലൂ അലെര്‍ട്ടിലും ആണ്.

രക്ഷാപ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും സൂക്ഷ്മമായി വിലയിരുത്തി അതാത് സമയത്ത് ഇടപെടാനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ റവന്യൂ, വൈദ്യുതി വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags: