ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഞ്ഞിന്റെ തീവ്രത ഉയരുന്നതിനാല്‍ റെയില്‍വേയും റോഡ് ഗതാഗതവും ബാധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വിമാന സര്‍വീസുകള്‍ വൈകുന്നുവെന്നും റിപോര്‍ട്ടുകളുണ്ട്. ഉത്തരേന്ത്യ അതിശൈത്യത്തിലേക്ക് കടക്കുന്നതിനിടെയാണ് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ടും ഡല്‍ഹിക്കൊപ്പം ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ദേശീയ തലസ്ഥാനത്തെ വായുനിലവാരം വീണ്ടും ഗുരുതരമായി. ശരാശരി വായുഗുണനിലവാര സൂചിക (എക്യുഐ) 401 ആയി ഉയര്‍ന്നതോടെ ഡല്‍ഹി 'അതീവ ഗുരുതര' വിഭാഗത്തിലേക്ക് തിരിച്ചെത്തി. ആനന്ദ് വിഹാര്‍, ബവാന, ജഹാംഗീര്‍പുരി, രോഹിണി, വിവേക് വിഹാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മലിനീകരണം ഏറ്റവും രൂക്ഷമായി രേഖപ്പെടുത്തിയത്.
വാഹനങ്ങളില്‍ നിന്നുള്ള പുക, വ്യവസായശാലകളിലെ പുറന്തള്ളലുകള്‍, വീടുകളില്‍ നിന്നുള്ള പുക എന്നിവയാണ് മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ മൂടല്‍മഞ്ഞ് കൂടുതല്‍ ശക്തമാകുന്നതോടെ വായുനിലവാരം ഇനിയും മോശമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയിലെ വായുനിലവാരം മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നാണ് എയര്‍ ക്വാളിറ്റി ഏര്‍ലി വാണിംഗ് സിസ്റ്റത്തിന്റെ പ്രവചനം.