'ഉപതിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി': അഖിലേഷ് യാദവ് സമാജ്‌വാദി പാര്‍ട്ടിയുടെ സംഘടനാ ഭാരവാഹികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു

Update: 2022-07-03 09:20 GMT

ലഖ്‌നോ: കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പാര്‍ട്ടിയിലെ വിവിധ തലത്തിലുളള സംഘടനാ ഭാരവാഹികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ദേശീയ, സംസ്ഥാന, ജില്ലാ എക്‌സിക്യൂട്ടീവ് ബോഡികളാണ് അടിയന്തര പ്രാബല്യത്തില്‍ പിരിച്ചുവിട്ടത്. യുവജന സംഘടനകളുടെയും വനിതാ വിഭാഗത്തിന്റെയും സംഘടനാഭാരവാഹികളും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു. 

പിരിച്ചുവിടാന്‍ കാരണങ്ങളൊന്നും എടുത്തുപറഞ്ഞിട്ടില്ലെങ്കിലും പാര്‍ട്ടികോട്ടകളായ രാംപൂരിലെയും അസംഗഢിലെയും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പാര്‍ട്ടിയെ പുനസ്സംഘടിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് കരുതുന്നത്.

പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ നരേഷ് ഉത്തം തല്‍സ്ഥാനത്ത് തുടരും. ട്വിറ്ററിലൂടെയാണ് പിരിച്ചുവിട്ട വിവരം അറിയിച്ചത്.

'സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ്, പാര്‍ട്ടിയുടെ യുപി സംസ്ഥാന അധ്യക്ഷന്‍ ഒഴികെ, ദേശീയ, സംസ്ഥാന, ജില്ലാ എക്‌സിക്യൂട്ടീവ് ബോഡികള്‍ പിരിച്ചുവിട്ടു. ദേശീയ പ്രസിഡന്റുമാര്‍, സംസ്ഥാന പ്രസിഡന്റുമാര്‍, യുവജനങ്ങളും സ്ത്രീകളും ഉള്‍പ്പെടെ പാര്‍ട്ടിയുടെ എല്ലാ പോഷകസംഘടനകളുടെയും ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരെയും പിരിച്ചുവിട്ടു,' പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറെടുക്കുകയാണെന്നും ബിജെപിയെ പൂര്‍ണ ശക്തിയോടെ നേരിടാന്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു.

Tags:    

Similar News